India

പത്താം ക്ലാസിൽ രണ്ട് ബോർഡ് പരീക്ഷകൾ നടത്താൻ സിബിഎസ്ഇ പദ്ധതിയിടുന്നതായി റിപ്പോർട്ട്

ഡൽഹി: 2026 അധ്യയന വർഷം മുതൽ പത്താം ക്ലാസിൽ രണ്ട് ബോർഡ് പരീക്ഷകൾ നടത്താൻ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പദ്ധതിയിടുന്നതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 2026 മുതൽ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ നടത്തുന്നതിനുള്ള കരട് മാനദണ്ഡങ്ങൾക്ക് ബോർഡ് അംഗീകാരം നൽകിയതായി റിപ്പോർട്ട് പറയുന്നു.

കരട് മാനദണ്ഡങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും. മാർച്ച് 9 വരെ പൊതുജനത്തിന് അഭിപ്രായം അറിയിക്കാം. അതിനുശേഷം നയത്തിന് അന്തിമരൂപം നൽകും. പരീക്ഷാ രീതി 2026 ൽ ആരംഭിക്കുമെന്നാണ് സൂചന. ആദ്യഘട്ടം ഫെബ്രുവരി 17 മുതൽ മാർച്ച് 6 വരെയും രണ്ടാം ഘട്ടം മെയ് 5 മുതൽ 20 വരെയും നടക്കുമെന്നാണ് പറയുന്നത്. രണ്ട് പരീക്ഷകളും നിലവിലുള്ള മുഴുവൻ സിലബസും പാഠപുസ്തകങ്ങളും അടിസ്ഥാനമാക്കിയായിരിക്കും നടത്തുന്നത്.