Kerala

ആശ്വാസ വാക്കുകളോ ധനസഹായമോ മരിച്ചവരുടെ നഷ്ടത്തിന് പരിഹാരമാവില്ല; വന്യമൃഗ ആക്രമണങ്ങളിൽ പ്രതികരിച്ച് ഹൈക്കോടതി – wildlife attack

വന്യമൃഗങ്ങളുടെ നിരന്തരമായ ഭീഷണി മൂലം ഹൈറേഞ്ചുകളിലും വനമേഖലകളിലും ജനങ്ങൾ മരണഭീതിയിലാണ്

സംസ്ഥാനത്തെ വന്യമൃഗ ആക്രമണങ്ങളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ശ്വാസ വാക്കുകളോ ധനസഹായമോ മരിച്ചവരുടെ ഉറ്റവർക്കുണ്ടാകുന്ന വലിയ നഷ്ടത്തിന് പരിഹാരമാവില്ലെന്നും കോടതി വ്യക്തമാക്കി. 2019 മുതൽ 2024 വരെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ സംസ്ഥാനത്ത് 555 പേർ മരിച്ചെന്ന കണക്ക് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.

‘കാട്ടാന ആക്രമിച്ചുണ്ടാകുന്ന മരണങ്ങളെക്കുറിച്ച് പതിവായി കേൾക്കുന്നതു നിരാശാജനകമാണ്. ആശ്വാസ വാക്കുകളോ ധനസഹായമോ മരിച്ചവരുടെ ഉറ്റവർക്കുണ്ടാകുന്ന വലിയ നഷ്ടത്തിന് പരിഹാരമാവില്ല. വന്യമൃഗങ്ങളുടെ നിരന്തരമായ ഭീഷണി മൂലം ഹൈറേഞ്ചുകളിലും വനമേഖലകളിലും ജനങ്ങൾ മരണഭീതിയിലാണ്.’ ജസ്റ്റിസ് സി.എസ്.ഡയസ് പറഞ്ഞു.

പട്ടികവർഗ ഫണ്ട് ഉപയോഗിച്ച് സംരക്ഷണഭിത്തികൾ നിർമിക്കാൻ ഭരണാനുമതി ലഭിച്ചിട്ടും പദ്ധതി മുന്നോട്ടു പോയില്ല. കോടതിയുടെ വിവിധ നിർദേശങ്ങളും സർക്കാരിന്റെ മാർഗനിർദേശങ്ങളും ഉണ്ടായിട്ടും പ്രശ്നം മാറ്റമില്ലാതെ തുടരുകയാണ്. വിഷയത്തിൽ അമിക്കസ് ക്യൂറിമാരെ നിയോഗിച്ച ഹൈക്കോടതി, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നഷ്ടപരിഹാര പദ്ധതികൾ ആളുകളുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും നിർദേശിച്ചു. മനുഷ്യ-വന്യമൃഗ സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് പരാതികളും നിർദേശങ്ങളും അറിയിക്കാൻ ലീഗൽ സർവീസ് അതോറിറ്റി സർവേ നടത്തണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നഷ്ടപരിഹാര പദ്ധതികൾ പ്രദേശവാസികളുടെ ശ്രദ്ധയിൽ കൊണ്ടുവരണം. അതിനുശേഷം റിപ്പോർട്ട് നൽകാനും ലീഗൽ സർവീസസ് അതോറിറ്റിയോടു കോടതി നിർദേശിച്ചു.

വിഷയത്തിൽ നിഷ്ക്രിയമായി തുടരാനാവില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സ്വമേധയാ കക്ഷി ചേർത്ത കോടതി മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശം നൽകി.

STORY HIGHLIGHT: wildlife attack