India

രണ്ട് ദിവസങ്ങളിൽ രാജ്യവ്യാപകമായി സിബിഐ പരിശോധന; കണ്ടുകെട്ടിയത് 23 കോടിയുടെ ക്രിപ്റ്റോ കറൻസി

ബിറ്റ് കോയിൻ നിക്ഷേപ തട്ടിപ്പായ ഗയിൻബിറ്റ് കോയിൻ കേസുകളുമായി ബന്ധപ്പെട്ടാണ് സിബിഐ പരിശോധന നടത്തിയത്

ദില്ലി: കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ 23 കോടിയുടെ ക്രിപ്റ്റോ കറൻസി കണ്ടുകെട്ടി സിബിഐ. ദില്ലി, പൂനെ, മുംബൈ ഉൾപ്പെടെ 60 സ്ഥലങ്ങളിൽ നടന്ന പരിശോധനയിലാണ് ഡിജിറ്റൽ കറൻസികൾ പിടികൂടിയത്. ക്രിപ്റ്റോ കറൻസികൾക്ക് പുറമെ ഡിജിറ്റൽ രേഖകളും ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.  ബിറ്റ് കോയിൻ നിക്ഷേപ തട്ടിപ്പായ ഗയിൻബിറ്റ് കോയിൻ കേസുകളുമായി ബന്ധപ്പെട്ടാണ് സിബിഐ പരിശോധന നടത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ബന്ധങ്ങൾ ഉണ്ടോ എന്നതടക്കം സിബിഐ പരിശോധിച്ചു വരികയാണ്.

ഇന്നലെയും ഇന്നുമായി ഡൽഹിയിലും മഹാരാഷ്ട്രയിലെ പൂനെ, നന്ദേഡ്, കോലാപ്പൂർ, മുംബൈ എന്നിവിടങ്ങളിലും കർണാടകയിലെ ബെംഗളൂരു, ഹുബ്ലി എന്നിവിടങ്ങളിലും, പഞ്ചാബിലെ ചണ്ഡീഗഢ്, മൊഹാലി എന്നിവിടങ്ങളിലും, ഉത്തർപ്രദേശിലെ ഝാൻസി എന്നിവിടങ്ങളിലുമാണ് റെയ്ഡുകൾ നടത്തിയത്. പരിശോധനയിൽ, ക്രിപ്‌റ്റോകറൻസികൾ, ഒന്നിലധികം ഹാർഡ്‌വെയർ ക്രിപ്‌റ്റോ വാലറ്റുകൾ,  രേഖകൾ, 34 ലാപ്‌ടോപ്പുകൾ, ഹാർഡ് ഡിസ്‌കുകൾ, 12 മൊബൈൽ ഫോണുകൾ, ഒന്നിലധികം ഇമെയിൽ, ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പ് ഡമ്പുകൾ എന്നിവയും ഏജൻസി പിടിച്ചെടുത്തു.

content highlight : cbi-seizes-cryptocurrencies-worth-24-crore-in-gainbitcoin-scam