കൊച്ചി: രാ‘ഒന്നാമത്തെ ഇര കരുവന്നൂർ ബാങ്കെ’ന്ന് ഇഡി; റിപ്പോർട്ട് സമർപ്പിക്കും
ഷ്ട്രീയക്കാർ അടക്കം പ്രതികളായ ബെനാമി വായ്പ തട്ടിപ്പു കേസിൽ 350 കോടി രൂപ നഷ്ടപ്പെട്ട ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കാണ് ‘ഒന്നാമത്തെ ഇരയെന്നു’ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിചാരണക്കോടതിയെ അറിയിക്കും. കേസിൽ ഇ.ഡി കണ്ടുകെട്ടിയ 128 കോടി രൂപയുടെ സ്വത്തുവകകൾ ഏറ്റെടുത്തു വിൽപന നടത്തി പണം തട്ടിപ്പിലെ ഇരകൾക്കു കൈമാറാനുള്ള അവകാശം കരുവന്നൂർ ബാങ്കിനാണെന്ന നിലപാടാണ് ഇ.ഡി സ്വീകരിക്കുന്നത്. സ്വത്തും പണവും ഇരകൾക്കു കൈമാറാനുള്ള നടപടികൾ വേഗത്തിലാക്കാൻ കരുവന്നൂർ ബാങ്ക് ‘എന്തുകൊണ്ടോ’ സഹകരിക്കുന്നില്ലെന്ന നിലപാടും ഇ.ഡി കോടതിയെ അറിയിക്കും.
കരുവന്നൂർ കേസിലെ അനുബന്ധ കുറ്റപത്രത്തിൽ സിപിഎമ്മിലെ മുൻനിര നേതാക്കളും പ്രതികളാകുമെന്നാണു സൂചന. എന്നാൽ കേസിൽ സ്വത്തുവകകൾ ആദ്യഘട്ടത്തിൽ തന്നെ മരവിപ്പിക്കപ്പെട്ട മുൻമന്ത്രി എ.സി.മൊയ്തീൻ എംഎൽഎക്കെതിരെ ശക്തമായ തെളിവുകൾ ഇ.ഡിക്കു ലഭിച്ചിട്ടില്ല. ബെനാമി വായ്പകൾ അനുവദിക്കാൻ എ.സി.മൊയ്തീൻ ബാങ്ക് ഭരണസമിതിയെ സ്വാധീനിച്ചെന്ന സാക്ഷി മൊഴി മാത്രമാണു ലഭിച്ചത്.
ഇ.ഡിയുടെ നീക്കം കരുവന്നൂർ ബാങ്കിനു കിട്ടാക്കടം തിരിച്ചുകിട്ടാനും സഹായകരമായിട്ടുണ്ട്. ബാങ്കിൽ നിന്നു സാമാന്യം വലിയതുക വായ്പയെടുത്തിട്ടു തിരിച്ചടയ്ക്കാത്ത മുഴുവൻ പേർക്കും ചോദ്യംചെയ്യലിനു ഹാജരാകാൻ ഇ.ഡി നോട്ടിസ് അയച്ചതോടെ 5 കോടി രൂപയോളം ബാങ്കിനു പിരിഞ്ഞുകിട്ടി. കണ്ടുകെട്ടിയ 128 കോടി രൂപയുടെ സ്വത്തുവകകളും പിടിച്ചെടുത്ത ആധാരങ്ങളും ബാങ്കിനെ ഏൽപിക്കാൻ തയാറാണെന്ന ഇ.ഡിയുടെ നിലപാടിനു വിചാരണക്കോടതി അംഗീകാരം നൽകിയാൽ ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കരുവന്നൂർ ബാങ്കിനു തുടർനടപടികൾ സ്വീകരിക്കാൻ കഴിയും. തിരുവനന്തപുരം കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസിൽ പണം നഷ്ടപ്പെട്ട വിദ്യാർഥികളുടെ മാതാപിതാക്കൾക്കു കഴിഞ്ഞ ദിവസം ഇ.ഡി പണം തിരിച്ചു നൽകിയതോടെ മറ്റുകേസുകളിൽ സമാനമായ അപേക്ഷകൾ ലഭിച്ചു തുടങ്ങി.