തിരുവനന്തപുരം: 16 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ തുടരുന്ന ആശാ വർക്കർമാരുടെ സമരത്തിനെതിരെ കർശന നടപടികളുമായി സർക്കാർ. ജോലിക്കു ഹാജരായില്ലെങ്കിൽ പറഞ്ഞു വിടുമെന്ന ഭീഷണിക്കു പുറമേ അനുഭാവം പ്രകടിപ്പിച്ചെത്തിയ പൊതുപ്രവർത്തകർക്കു നോട്ടിസ് അയച്ചും സമരത്തെ നേരിടാനാണു നീക്കം. ജോസഫ് സി.മാത്യു, കെ.ജി.താര, എം.ഷാജിർഖാൻ, കെ.പി.റോസമ്മ, എസ്.മിനി എന്നിവർ ഉൾപ്പെടെ 14 പേർക്കാണ് 48 മണിക്കൂറിനകം ഹാജരാകാൻ ആവശ്യപ്പെട്ട് കന്റോൺമെന്റ് പൊലീസ് നോട്ടിസ് നൽകിയത്. ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് കേസ്.
ഇന്നലെ ഉദ്യോഗസ്ഥർ ആശമാരെ ഫോണിൽ വിളിച്ച് ഇന്നു ജോലിക്കു ഹാജരാകണമെന്നും അല്ലെങ്കിൽ പുറത്താക്കുമെന്നും മുന്നറിയിപ്പു നൽകിയിരുന്നു. സമരത്തിൽ തീരുമാനം ഉണ്ടാകട്ടെയെന്ന നിലപാടിലാണ് ആശമാർ. സമരത്തിനു ശക്തമായ പിന്തുണ നൽകുമെന്നു കോൺഗ്രസും സിപിഐയും ആവർത്തിച്ചു. സമരം ഏറ്റെടുക്കുകയാണെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചപ്പോൾ ഏറ്റെടുക്കലല്ല, എല്ലാവരുടെയും പിന്തുണയാണു വേണ്ടതെന്നു കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പ്രതികരിച്ചു.
സമരം ചെയ്യുന്നത് ഈർക്കിൽ സംഘടനയാണെന്നും മാധ്യമ ശ്രദ്ധ ലഭിച്ചതോടെ സമരം ചെയ്യുന്നവർക്കു ഹരമായെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരിം ഇന്നലെയും ആരോപിച്ചു. സർക്കാരിൽ സഖ്യകക്ഷിയാണെങ്കിലും ആശമാർക്കെതിരായ സമീപനത്തിൽ സിപിഐ നേതൃത്വത്തിന് യോജിപ്പില്ലെന്ന് ആനി രാജ പറഞ്ഞു. സമരക്കാർക്കൊപ്പമാണു സിപിഐ എന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വ്യക്തമാക്കി.