മലപ്പുറം: ചുങ്കത്തറയിൽ ഭരണം നഷ്ടമായതിന് പിന്നാലെ കൂറുമാറിയ അംഗത്തിന്റെ ഭർത്താവിന് ഭീഷണി സന്ദേശവുമായി സിപിഐഎം ഏരിയ സെക്രട്ടറി. സിപിഐഎം ഏരിയ സെക്രട്ടറി ടി രവീന്ദ്രനാണ് ഭീഷണിപ്പെടുത്തിയത്.
അൻവറിനോടൊപ്പം നിന്നാൽ ഭാവിയിൽ ഗുരുതര വിഷയങ്ങൾ ഉണ്ടാകുമെന്നും പാർട്ടിയെ കുത്തിയാണ് പോകുന്നത് എന്ന് ഓർക്കണമെന്നും രവീന്ദ്രൻ പറയുന്നുണ്ട്. ഗുരുതര ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരും. ഒരു ദാക്ഷിണ്യവും നിന്നോടോ കുടുംബത്തോടോ ഉണ്ടാകില്ല. കൂറു മാറില്ലെന്ന ഉറപ്പ് ലംഘിച്ചപ്പോൾ പ്രതിഷേധം അറിയിച്ചതാണെന്നും രവീന്ദ്രൻ പറഞ്ഞു.
ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകൾക്കാണ് പ്രസിഡൻ്റിനെതിരായ അവിശ്വാസ പ്രമേയം ചുങ്കത്തറയിൽ പാസായത്. അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീർ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. ഇതോടെയാണ് ഭർത്താവ് സുധീറിന് നേരെ ഭീഷണി സന്ദേശമെത്തിയത്.അവിശ്വാസ പ്രമേയം പാസാക്കുന്നതിന് മുമ്പ് നുസൈബ സുധീറിനെ കാണാനില്ലെന്ന പരാതിയുമായി സിപിഐഎം രംഗത്തെത്തിയിരുന്നു.
യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി നുസൈബ നിൽക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുയർന്നിരുന്നു. തൃണമൂൽ കോൺഗ്രസ് മണ്ഡലം ചെയർമാൻ സുധീർ പുന്നപ്പാലയുടെ ഭാര്യയാണ് നുസൈബ. പി വി അൻവറിൻ്റെ ഇടപെടലോടെയായിരുന്നു നുസൈബ യുഡിഎഫിന് അനുകൂല നിലപാട് സ്വീകരിച്ചത്.