Kerala

കുട്ടികളുടെ ദന്ത സംരക്ഷണത്തിന് കൊച്ചി വെണ്ണല ഗവ. എൽ.പി. സ്‌കൂളുമായി കൈകോർത്ത് അമൃത | Amrita school of Dentastry

കൊച്ചി: കുട്ടികളുടെ ദന്ത സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആനന്ദ് മുസ്‌കാൻ പദ്ധതി ആവിഷ്കരിച്ചത്. ഐസിഎംആറിൻ്റെ ദേശീയ ആരോഗ്യ ഗവേഷണ പദ്ധതിയായ ആനന്ദ് മുസ്കാൻ വഴി വെണ്ണല ഗവ. എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് ദന്ത സംരക്ഷണത്തിൻ്റെ ആദ്യപാഠം പകർന്ന് നൽകുകയാണ് അമൃത സ്കൂൾ ഓഫ് ഡെൻ്റസ്‌ട്രി വിഭാഗം.

പദ്ധതിക്കായി രാജ്യത്ത് തെരഞ്ഞെടുത്ത പതിനെട്ട് ജില്ലകളിൽ ഒന്നാണ് എറണാകുളം. ആഴ്ചയിൽ അഞ്ച് ദിവസം അധ്യാപക മേൽനോട്ടത്തിലുള്ള ബ്രഷിംഗ് സെഷനുകൾ നടത്തി വിദ്യാർത്ഥികളിൽ ദന്ത ശുചിത്വ ശീലങ്ങൾ വളർത്തിയെടുക്കുക എന്നതാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്. വെണ്ണല ഗവ. എൽ.പി. സ്കൂളിൽ നടന്ന ചടങ്ങ് ദേശീയ ആരോഗ്യ മിഷൻ എറണാകുളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശിവപ്രസാദ് പിഎസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ രാജേഷ് പിജി ചടങ്ങിൽ സ്വാഗത പ്രസംഗം നടത്തി.

ആനന്ദ് മുസ്‌കാൻ പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ് ഡോ. അരുൺ റാവു കെ., കൊച്ചി കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. എ. ശ്രീജിത്ത്, കൊച്ചി കോർപറേഷൻ കൗൺസിലർ കെ.ബി. ഹർഷൽ, വെണ്ണല ജിഎൽപി സ്കൂൾ പിടിഎ പ്രസിഡൻ്റ് അബ്ദുൽ റഹീം എ., ആനന്ദ് മുസ്‌കാൻ പ്രോജക്ട് ടെക്നിക്കൽ ഓഫീസർ ഡോ. കൃഷ്ണജ കുമാർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കുള്ള സൗജന്യ ബ്രഷിംഗ് കിറ്റുകളുടെ വിതരണോദ്ഘാടനവും ചടങ്ങിൽ നടന്നു.