Kerala

ഭാഗ്യത്തിനാണ് അവനെ അറസ്റ്റ് ചെയ്തത്; മകനെതിരായ രാസലഹരിക്കേസില്‍ മ3തൃകപരമായ തീരുമാനവുമായി എൻഡിഎ നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ | Drug hunt kerala

കൊച്ചി: എംഡിഎംഎ കേസില്‍ മകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മാതൃകാപരമായ തീരുമാനവുമായി വിഎസ്ഡിപി നേതാവും എന്‍ഡിഎ വൈസ് ചെയര്‍മാനുമായ വിഷ്ണുപുരം ചന്ദ്രശേഖരന്‍. ലഹരിക്കേസില്‍ മകനെ അറസ്റ്റ് ചെയ്ത പൊലീസിനും ചന്ദ്രശേഖരന്‍ നന്ദി പറഞ്ഞു. അല്ലായിരുന്നെങ്കില്‍ മകന്‍ വലിയ വിപത്തിലേക്ക് പോകാമായിരുന്നുവെന്നാണ് അദ്ദേഹം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്.

‘സമൂഹത്തിനെ ബാധിച്ചിരിക്കുന്ന വലിയ വിപത്ത് ആണ് ലഹരി. അതില്‍ മകനും കൂടി പെട്ടുവെന്ന് മനസ്സിലാക്കാന്‍ വൈകിപ്പോയി. അന്വേഷിച്ചപ്പോള്‍ ഇത്തരത്തില്‍ ലഹരി ഉപയോഗിക്കുന്നവര്‍ ചുറ്റിലുമുണ്ടെന്ന് മനസ്സിലായി. രാവിലെ മകനുമായി സംസാരിച്ചു. അവന്‍ കുറ്റസമ്മതം നടത്തി. വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമെ ആയുള്ളൂ. എന്റെ തിരക്കിനിടയില്‍ മകന്റെ കാര്യം ശ്രദ്ധിക്കുന്നതില്‍ വീഴ്ചയായി. എന്റെ ഭാഗ്യത്തിനാണ് അവനെ പിടികൂടിയത്. ജാമ്യം ലഭിച്ചു. അതിന് ശേഷമാണ് ഇതെല്ലാമറിഞ്ഞത്. അവനോട് സംസാരിച്ചതില്‍ നിന്നും ഒരുപാട് വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഈ ജില്ലയ്ക്കകത്ത് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള പത്തായിരത്തോളം പേര്‍ ലഹരിക്കടിമയെന്നാണ് അറിയാന്‍ കഴിഞ്ഞത്. പേരുകള്‍ ശേഖരിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥന് കൈമാറും’, വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞത്.

ചെയ്തതെല്ലാം തെറ്റാണ്. തിരുത്തുമെന്നാണ് മകന്‍ പറഞ്ഞത്. അത് സത്യമെങ്കില്‍ അച്ഛനെന്ന നിലയില്‍ അഭിമാനിക്കുന്നു. അവന് നല്ല ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമം ആരംഭിക്കും. പൊലീസ് കുടുക്കിയതാണോയെന്ന് ചോദിച്ച് ചിലര്‍ വിളിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്തത് നന്നായി. ഇല്ലെങ്കില്‍ വലിയ വിപത്തിലേക്ക് പോകുമായിരുന്നുവെന്നായിരുന്നു ചന്ദ്രശേഖറിന്റെ പ്രതികരണം. ഇന്നലെയാണ് മകന്‍ ശിവജിയെ എംഡിഎംഎ കേസില്‍ പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.