Kerala

ശശി തരൂരിനെ വരുതിയിലാക്കാൻ കോൺ​ഗ്രസ് നേതൃത്വം; ലോക്‌സഭാ ഉപനേതാവാക്കും | Sasi Tharoor latest update

ന്യൂഡല്‍ഹി: ശശി തരൂര്‍ എംപി ലോക്‌സഭാ പ്രതിപക്ഷ ഉപനേതാവാകുമെന്ന് സൂചന. നിലവിലെ ഉപനേതാവ് ഗൗരവ് ഗൊഗോയ് അസം പിസിസി അധ്യക്ഷനാകുമെന്ന സാധ്യതകള്‍ക്ക് പിന്നാലെയാണ് ശശി തരൂരിനെ നിയമിക്കാനുള്ള നീക്കം. കേരളത്തെ പോലെ തന്നെ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിലും പിസിസി പുനഃസംഘടന നടക്കാനിരിക്കുകയാണ്.

ഗൊഗോയിയെ സംസ്ഥാന രാഷ്ട്രീയത്തില്‍ കൊണ്ടുവന്ന് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. ബിജെപി നേതാവ് ഹിമന്ത വിശ്വ ശര്‍മയെ ശര്‍മയ്‌ക്കെതിരെ പോരാടാന്‍ ഗൊഗോയ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി വരണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു.

തുടര്‍ന്ന് ഇതേ സംബന്ധിച്ച് നേതൃയോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. യോഗത്തിന് പിന്നാലെ ഗൊഗോയ് ലോക്‌സഭാ പ്രതിപക്ഷ ഉപനേതാവ് സ്ഥാനമൊഴിയുമെന്നാണ് വിവരം. പിന്നാലെ ഈ പദവിയിലേക്ക് തരൂരിനെ പരിഗണിക്കാനാണ് നീക്കം. തരൂര്‍ പാര്‍ട്ടിക്ക് വഴങ്ങിയത് ഇതിന് പിന്നാലെയാണ് എന്ന സൂചനയും ലഭിക്കുന്നു.

നേരത്തെ ശശി തരൂര്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയപ്പോള്‍ പ്രധാന പദവി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തരൂരിന് സംഘടനാ പദവി നല്‍കാന്‍ പറ്റില്ലെന്ന് നേതൃത്വം അറിയിച്ചിരുന്നു. പിന്നാലെയാണ് പ്രതിപക്ഷ ഉപനേതാവാക്കാനുള്ള നീക്കം.