ന്യൂഡൽഹി: സംയുക്ത പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ബിൽ മാർച്ച് 10 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതിയിൽ കേന്ദ്രസർക്കാർ പാർലമെന്റിന്റെ മേശപ്പുറത്ത് വെച്ചേക്കും.
വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ കാര്യക്ഷമമാക്കാൻ ലക്ഷ്യമിടുന്ന ബില്ലിൽ ജെപിസിക്ക് മുന്നിൽ 44 നിർദേശങ്ങളാണ് ഉയർന്നു വന്നത്. ഇതിൽ 14 എണ്ണമാണ് ജെപിസി വോട്ടിനിട്ട് അംഗീകരിച്ചത്. എൻഡിഎ അംഗങ്ങൾ നിർദേശിച്ച മാറ്റങ്ങളാണ് അംഗീകരിക്കപ്പെട്ടത്. പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചായിരുന്നു ബില്‍ ജെപിസിയില്‍ അംഗീകരിച്ചത്.
സംസ്ഥാന വഖഫ് ബോർഡുകളിലേക്ക് കുറഞ്ഞത് രണ്ട് അമുസ്ലിം അംഗങ്ങളെ നിയമിക്കുക, ഒരു സ്വത്ത് വഖഫ് സ്വത്തായി നിശ്ചയിക്കാൻ യോഗ്യമാണോ എന്ന് നിർണ്ണയിക്കാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനെ അനുവദിക്കുക തുടങ്ങിയവയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകൾ. അഞ്ചുവര്‍ഷം പ്രകടിതമായി ഇസ്ലാംമതം ആചരിച്ചാലേ വഖഫിന് സ്വത്ത് നല്‍കാനാവൂ എന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്‍ 2024, ഓഗസ്റ്റ് എട്ടിനാണ് ബിജെപി അംഗം ജഗദംബിക പാലിന്റെ അധ്യക്ഷതയിലുള്ള സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ (ജെപിസി) വിശദ പരിശോധനയ്ക്കായി വിട്ടത്. ഫെബ്രുവരി 13 നാണ് ജെപിസി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.