ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് ചലച്ചിത്ര താരവും എഴുത്തുകാരനുമായ പോസാനി കൃഷ്ണ മുരളിയെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് വൈഎസ്ആർസിപി നേതാവ് കൂടിയായ കൃഷ്ണ മുരളിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കൃഷ്ണ മുരളിയെ യെല്ലാറെഡ്ഡിഗുഡയിലെ വീട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തുംവിധമുള്ള പരാമര്‍ശം നടത്തിയെന്നതുമായി ബന്ധപ്പെട്ട വകുപ്പുകളാണ് കൃഷ്ണ മുരളിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഏത് കേസിലാണ് പോസാനി കൃഷ്ണ മുരളി അറസ്റ്റിലായതെന്നതിൽ നിലവിൽ വ്യക്തത വന്നിട്ടില്ല. നടനും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിനെതിരെ നിരവധി വിവാദ പരാമർശനങ്ങൾ ഇദ്ദേഹം നേരത്തെ നടത്തിയിരുന്നു. ഇത് കൂടാതെ നിരവധി കേസുകൾ ഇദ്ദേഹത്തിന്റെ പേരിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.