Kerala

ആളിപടരുന്ന പ്രതിഷേധമൊരുക്കാൻ യുഡിഎഫ്; സര്‍ക്കാരിനെതിരെ സമരപരമ്പര വരുന്നു | UDF Convener M M Hasan

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ് തീരുമാനം. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കൊലപാതകങ്ങൾക്കും ലഹരി വ്യാപനത്തിനുമെതിരെ മാർച്ച് അഞ്ചിന് സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസൻ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. നോ ക്രൈം നോ ഡ്രഗ്സ് എന്ന മുദ്രാവാക്യം ഉയർത്തിയായിരിക്കും ഉപവാസ സമരം.

മാര്‍ച്ച് 13ന് എസ് സി, എസ് ടി ഫണ്ടുകൾ വെട്ടിക്കുറച്ചതിനും ന്യൂനപക്ഷ ഫണ്ട് കുറച്ചതിനുമെതിരെ കൊച്ചിയിൽ പ്രതിഷേധം സംഘടിപ്പിക്കും. ഏപ്രിൽ നാലിന് കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുന്നിലും രാപ്പകൽ സമരം നടത്തും. ഏപ്രിൽ 10 ന് മലയോര കർഷകരെ അണിനിരത്തി മലയോര ജില്ലകളിൽ ഫോറസ്റ്റ് ഓഫീസ് മാർച്ച് നടത്തും. പ്രതിപക്ഷ നേതാവ് നയിക്കുന്ന തീരദേശ യാത്ര ഏപ്രിൽ 21 മുതൽ 30 വരെ നടക്കും. കാസർകോട് നെല്ലിക്കുന്ന് മുതൽ തിരുവനന്തപുരം വിഴിഞ്ഞം വരെയായിരിക്കും തീരദേശ യാത്ര. വനം നിയമത്തിൽ ഇളവ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണാനും യുഡിഎഫ് തീരുമാനിച്ചു.

യുഡിഎഫ് ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും പ്രക്ഷോഭങ്ങൾ നടത്തും. താഴെ തട്ടിലെ പ്രവർത്തകർക്കായി ക്യാമ്പ് സംഘടിപ്പിക്കും. കൊലപാതകങ്ങൾ വർധിച്ചിട്ടും നടപടി ഉണ്ടാകുന്നില്ല. കൊലപാതകത്തെ പ്രോൽസാഹിപ്പിക്കുന്ന രാഷ്ട്രീയ സംസ്കാരമാണ് ഇതിനുകാരണം. കൊലയാളികളെ സംരക്ഷിക്കുന്ന പാർട്ടിയുടെ നേതാവാണ് മുഖ്യമന്ത്രി. ആർക്കും ആരെയും കൊല്ലാം എന്ന സ്ഥിതിയാണ് കേരളത്തിൽ. രാസലഹരിയുടെ പറുദീസയായി കേരളത്തെ മാറ്റിയത് ഈ സർക്കാരാണ്. പൊലീസും എക്സൈസും നിഷ്ക്രിയമാണ്. ലഹരി കേസുകളിൽ പ്രതികളിൽ കൂടുതലും ഡിവൈഎഫ്ഐക്കാരും എസ് എഫ്ഐക്കാരുമാണെന്നും എംഎം ഹസൻ ആരോപിച്ചു.

കടൽ മണൽ ഖനനത്തിൽ എൽഡിഎഫുമായി ചേർന്ന് സമരം വേണ്ടെന്ന് യുഡി എഫ് തീരുമാനം. ഖനനത്തിന് എല്ലാ സഹായവും ചെയ്തത് സംസ്ഥാന സർക്കാരാണെന്നും സ്വന്തം നിലയ്ക്ക് സമരം ചെയ്യാനാണ് തീരുമാനമെന്നും എംഎം ഹസൻ പറഞ്ഞു. സിപിഎമ്മുമായി യോജിച്ച് സമരത്തിനില്ല. സിപിഎം വേദിയിൽ ബിജെപി നേതാവിനെ പ്രസംഗിക്കാൻ വിളിച്ചത് കേരളത്തിലെ സിപിഎം -ബി ജെ പി ധാരണയുടെ തെളിവാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി യിലേക്ക് ഒരു പാലമിട്ടിരിക്കുകയാണ് സിപിഎം. ഇതുകൊണ്ടാണ് പികെ കൃഷ്ണദാസിനെ സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായ പരിപാടിയിൽ വിളിച്ചതെന്നും എംഎം ഹസൻ ആരോപിച്ചു.