സിഡ്‌നി: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിൽ പങ്കുചേരാൻ ഓസ്ട്രേലിയയിലെ പ്രവാസി മലയാളികളും. ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (OHM) ന്റെ ആഭിമുഖ്യത്തിലാണ് പൊങ്കാല മഹോത്സവം ആഘോഷിക്കുന്നത്. മാർച്ച് 9 ഞായറാഴ്ച രാവിലെ 8.30ന് മിൻറ്റോ ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാലയിൽ ഇതിനോടകം തന്നെ നിരവധി പേർ രജിസ്റ്റർ ചെയ്ത് കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വർഷമാണ് ഒഎച്ച്എമ്മിന്റെ ആഭിമുഖ്യത്തിൽ ആദ്യമായി പൊങ്കാല മഹോത്സവം സംഘടിപ്പിച്ചത്. അതിൽ 200ൽ പരം ആളുകൾ പങ്കെടുക്കുകയും അമ്പതോളം സ്ത്രീകൾ പൊങ്കാല അർപ്പിക്കുകയും ചെയ്തിരുന്നു. നിരവധി പേരുടെ അഭ്യർത്ഥന മാനിച്ചാണ് ഇത്തവണയും പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നതെന്നും ആറ്റുകാലമ്മയുടെ ഉത്സവദിനങ്ങളിലൊന്നായ മാർച്ച് 9 (കുംഭം 25) ഞായറാഴ്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ വർഷത്തേതിനേക്കാൾ കൂടുതൽ സ്ത്രീകളുടെ പങ്കാളിത്തം ഇത്തവണത്തെ ആഘോഷത്തിൽ പ്രതീക്ഷിക്കുന്നതായും അതിനു വേണ്ടിയുള്ള തയാറെടുപ്പുകൾ ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞെന്നും പ്രസിഡന്റ് ബീന സതീഷ് അറിയിച്ചു.
മാർച്ച് 5 മുതൽ 14 വരെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം നടക്കുന്നത്. മാർച്ച് 13നാണ് പൊങ്കാല. ലക്ഷക്കണക്കിന് സ്ത്രീകൾ ഒത്തുകൂടുന്ന ആറ്റുകാൽ പൊങ്കാല ലോകത്തിൽ തന്നെ അപൂർവ്വമാണ്. 10 ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിൽ വിവിധ പരിപാടികൾ നടക്കും. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ചടങ്ങ് എന്ന തരത്തിൽ ഗിന്നസ് ബുക്കിലും ആറ്റുകാൽ പൊങ്കാല ഇടം പിടിച്ചിട്ടുണ്ട്.
content highlight : malayalees-in-australia-to-celebrate-atukal-pongala