തിരുവനന്തപുരം: വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും അവരെ വിജയത്തിലേക്ക് എത്തിക്കുന്നതിനുമായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ (കെഎസ്ഡബ്ല്യുഡിസി) പ്രോജക്ട് കൺസൾട്ടൻസി രൂപീകരിക്കുന്നു. സ്ത്രീ സംരംഭകർക്ക് സർക്കാർ ശക്തമായ പിന്തുണ നൽകുന്നുണ്ട്. കുറഞ്ഞ തോതിലാണെങ്കിലും സ്ത്രീകൾ സംരംഭകത്വത്തിലേക്ക് കടന്നുവരുന്നു. എന്നാൽ സംരംഭങ്ങളുമായി മുന്നോട്ട് പോകുന്നതിൽ സ്ത്രീകൾ നിരവധി പ്രയാസം അനുഭവിക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് പരിഹരിക്കുന്നതിനും തുടർച്ചയായ പിന്തുണ നൽകുന്നതിനുമാണ് കെ എസ് ഡബ്ല്യു ഡി സി ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ വിദ്യാസമ്പന്നരും അതേസമയം തൊഴിലില്ലാത്തവരുമാ സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ്. ജോലിയുള്ള സ്ത്രീകളാകട്ടെ തങ്ങളുടെ വരുമാനത്തിൻ്റെ 90 ശതമാനവും കുടുംബത്തിനും സമൂഹത്തിനുമായി വീണ്ടും ചെലവഴിക്കുന്നു. വിപണിയിൽ പുരുഷ മേധാവിത്തം ശക്തമായതിനാൽ സംരംഭകത്വത്തിലേക്ക് കടന്നുവരാൻ സ്ത്രീകൾ സ്വതവേ മടി കാണിക്കുന്നു.
കുടുംബ താത്പര്യങ്ങളും അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും മൂലധനമില്ലാത്തതും പരിശീലനത്തിൻ്റെ അഭാവവും പുരുഷന്മാരുടെ സ്ഥാപനങ്ങളിൽ നിന്നുള്ള കടുത്ത മത്സരവും സ്ത്രീകളെ സംരംഭകത്വത്തിൽ നിന്ന് അകറ്റി നിർത്തുന്ന ഘടകങ്ങളാണ്. ഇവയെല്ലാം മറികടന്ന് സ്ത്രീകളെ സംരംഭകത്വത്തിലേക്ക് കൈപിടിച്ച് ഉയർത്തി സാമ്പത്തിക മേഖലയുടെ ശാക്തീകരണത്തിൽ പങ്കാളികളാക്കുകയാണ് കെ.എസ്.ഡബ്ല്യു.ഡി.സി. ഉന്നമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ബിന്ദു വി.സി പറഞ്ഞു.
തുടങ്ങുന്ന സംരംഭത്തിൻ്റെ വിപണി സാധ്യത, കുറഞ്ഞ പലിശ നിരക്കിൽ വായ്പാ സഹായം, തദ്ദേശ സ്ഥാപനങ്ങളിൽ നിന്നടക്കം ലഭിക്കേണ്ട അനുമതി പത്രങ്ങൾ, നിയമപരമായ മറ്റ് മാനദണ്ഡങ്ങളുടെ പാലിക്കൽ, ഫണ്ടിങ് ഏജൻസിയെ സമീപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയിൽ സമഗ്രമായ നിർദ്ദേശങ്ങൾ നൽകി സ്ത്രീ സംരംഭകർക്ക് ദിശാബോധം നൽകാൻ ഈ പ്രോജക്ട് കൺസൾട്ടൻസി വഴി സാധിക്കും. ഉൽപ്പന്നത്തിൻ്റെ മാർക്കറ്റിങ് സാധ്യത, നികുതിയെ കുറിച്ചും, അക്കൗണ്ട്സ് കൃത്യമായി സൂക്ഷിക്കുന്നതിനെ കുറിച്ചുള്ള അറിവ് നൽകുന്നതിലും പ്രൊജക്ട് കൺസൾട്ടൻസിക്ക് നിർണായക പങ്ക് വഹിക്കാനാവും. ഇതിലൂടെ സ്ത്രീ സംരംഭകർക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും വിജയം കൈവരിക്കാനും കരുത്തേകും.
കുടുംബശ്രീ ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെ വിവിധ ഏജൻസികളെയും വിദഗ്ദ്ധരെയും ഇതിനായി കെ.എസ്.ഡബ്ല്യു.ഡി.സി സംസ്ഥാന തലത്തിൽ എംപാനൽ ചെയ്യും. ഉൽപ്പന്നത്തിൻ്റെ വിപണി സാധ്യത മുതൽ ബ്രാൻ്റിങിലും മാർക്കറ്റിങിലും വരെ സംരംഭകർക്ക് സഹായം ലഭ്യമാക്കും. ഇതിനായി ബിസിനസ് ഇൻകുബേഷൻ ഹബ്, പ്രൊജക്ട് ഡെവലപ്മെൻ്റ്, ഓൺലൈൻ മാർക്കറ്റിങ്, ഇന്നവേഷൻ ക്ലാസ്‌റൂം, കരിയർ കൺസൾട്ടൻസി സർവീസ്, റിസർച്ച് വിങ് എന്നിവ പ്രൊജക്ട് കൺസൾട്ടൻസിയുടെ ഭാഗമായുണ്ടാകും. സംരംഭകത്വ വികസന സമിതി (EDC), നൈപുണ്യ വികസന ഇടപെടൽ പരിപാടി (SEIP), മെൻ്ററിങിനുള്ള സമഗ്ര സമീപനം (AHAM) എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിച്ചാണ് പ്രൊജക്ട് കൺസൾട്ടൻസി സംരംഭകർക്ക് സഹായം നൽകുന്നത്.
ആദ്യ വർഷം 100 സ്ത്രീ സംരംഭകർക്ക് ആവശ്യമായ സഹായം ലഭ്യമാക്കാനാണ് കെ.എസ്.ഡബ്ല്യു.ഡി.സി. തീരുമാനിച്ചിരിക്കുന്നതെന്നും ബിന്ദു സി.വി പറഞ്ഞു. ഇവർക്ക് പ്രൊജക്ട് ഫീസിബിലിറ്റി പഠനത്തിലൂടെ സഹായം നൽകും. രാജ്യമാകെയുള്ള സ്ത്രീ സംരംഭകരെ ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാന തലത്തിൽ ഉപദേശക സമിതി രൂപീകരിക്കും. സമൂഹ മാധ്യമങ്ങളും പ്രത്യേക ഇവൻ്റുകളിലൂടെയും സ്ത്രീ സംരംഭകരെ തമ്മിൽ ബന്ധിപ്പിക്കും. ദേശീയ തലത്തിൽ തന്നെ സ്ത്രീ സംരംഭകരുടെ വിജയകഥകൾ നവസംരംഭകരിലേക്ക് എത്തിക്കുന്നതിനൊപ്പം പ്രദർശന മേളകൾ സംഘടിപ്പിച്ച് ഉൽപ്പന്നങ്ങൾ വിദേശ വിപണികളിൽ അവതരിപ്പിക്കാൻ അവസരം ഒരുക്കുമെന്നും ബിന്ദു വി.സി പറഞ്ഞു.
content highlight : kswdc-to-ensure-project-consultancy-support