Science

പൊട്ടിത്തെറിയുടെ ക്ഷീണം മാറ്റാന്‍ മസ്ക്; സ്പേസ് എക്സ് സ്റ്റാർഷിപ്പ് എട്ടാം പരീക്ഷണ വിക്ഷേപണം വെള്ളിയാഴ്ച | elon-musk-spacex-to-launch-starship-super-heavy-rocket-for-eight-test-flight-on-friday

എട്ടാം പരീക്ഷണം ഏത് വിധേയനയും വിജയിപ്പിക്കേണ്ടത് സ്പേസ് എക്‌സിന് അനിവാര്യമാണ്

സ്റ്റാർഷിപ്പ് മെഗാ റോക്കറ്റിന്‍റെ അടുത്ത പ്രധാന പരീക്ഷണ പറക്കലിനായി സ്‌പേസ് എക്‌സ് ഒരുങ്ങുന്നു. ബോക്ക ചിക്കയിലെ സ്‌പേസ് എക്‌സിന്‍റെ സ്റ്റാർബേസിൽ നിന്ന് വെള്ളിയാഴ്ച ഭീമൻ റോക്കറ്റ് എട്ടാം പരീക്ഷണ പറക്കലിനായി കുതിച്ചുയരും. ഏഴാം വിക്ഷേപണ പരീക്ഷണം ബഹിരാകാശത്ത് വച്ചുള്ള പൊട്ടിത്തെറിയില്‍ അവസാനിച്ചതോടെ എട്ടാം പരീക്ഷണം ഏത് വിധേയനയും വിജയിപ്പിക്കേണ്ടത് സ്പേസ് എക്‌സിന് അനിവാര്യമാണ്.

ഗ്രഹാന്തര യാത്രകള്‍ ലക്ഷ്യമിട്ട് ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സ് രൂപകല്‍പന ചെയ്ത എക്കാലത്തെയും വലുതും ഭാരമേറിയതുമായ റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്. 121 മീറ്ററാണ് ഈ റോക്കറ്റിന്‍റെ ആകെ ഉയരം. സൂപ്പർ ഹെവി ബൂസ്റ്റര്‍, സ്റ്റാര്‍ഷിപ്പ് സ്പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) എന്നീ രണ്ട് ഘട്ടങ്ങളാണ് ഈ വിക്ഷേപണ വാഹനത്തിനുള്ളത്. സൂപ്പര്‍ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്റര്‍ ഉയരമുണ്ട്. 33 റാപ്റ്റര്‍ എഞ്ചിനുകളാണ് സൂപ്പര്‍ ഹെവി ബൂസ്റ്ററിന് കരുത്ത് പകരുന്നത്. 52 മീറ്ററാണ് ഷിപ്പ് ഭാഗത്തിന്‍റെ ഉയരം. രണ്ട് ഭാഗങ്ങളിലെയും റാപ്‌റ്റർ എഞ്ചിനുകൾ ദ്രവ രൂപത്തിലുള്ള മീഥെയിനും ദ്രാവക രൂപത്തിലുള്ള ഓക്സിജനും കത്തിച്ച് ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറമുള്ള ദൗത്യങ്ങൾക്ക് ആവശ്യമായ ഊർജ്ജം നൽകുന്നു. സൂപ്പർ ഹെവി ബൂസ്റ്ററിന് വലിയ പേലോഡുകൾ ഉയർത്താൻ കഴിയും. സ്റ്റാര്‍ഷിപ്പ് ചന്ദ്രനിലോ ചൊവ്വയിലോ താവളങ്ങൾ നിർമ്മിക്കുന്നതിന് അനുയോജ്യമാണ് എന്നാണ് സ്പേസ് എക്സിന്‍റെ അവകാശവാദം.

ഇരു ഭാഗങ്ങളും വിക്ഷേപണത്തിന് ശേഷം ഭൂമിയില്‍ തിരിച്ചെത്തിച്ച് പുനരുപയോഗിക്കാം എന്ന് കണക്കാക്കുന്നു. വിക്ഷേപണത്തിന് ശേഷം സൂപ്പര്‍ ഹെവി ബൂസ്റ്ററും ഷിപ്പ് ഭാഗവും ഭൂമിയിലെ പടുകൂറ്റന്‍ യന്ത്രക്കൈയില്‍ (മെക്കാസില്ല) സുരക്ഷിതമായി പിടികൂടിയാണ് പുനരുപയോഗിക്കാന്‍ കഴിയുക. ഇതില്‍ സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ യന്ത്രക്കൈയില്‍ തിരികെ സുരക്ഷിതമായി വായുവില്‍ വച്ച് പിടികൂടാന്‍ ഇതിനകം സ്പേസ് എക്സിനായിട്ടുണ്ട്. ജനുവരി 17ന് നടന്ന ഏഴാമത്തെ പരീക്ഷണ പറക്കലില്‍ സ്റ്റാര്‍ഷിപ്പ് ബഹിരാകാശ വിക്ഷേപണ വാഹനത്തിന്‍റെ മുകള്‍ഭാഗം വായുവില്‍ വച്ച് പൊട്ടിത്തെറിച്ചു. പേടകത്തിന് ഭൂമിയിലെ കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടമായതിനെ തുടര്‍ന്നായിരുന്നു ഈ ദുരന്ത പര്യവസാനം.

ദക്ഷിണ ടെക്സസിലെ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്ന് എട്ട് മിനിറ്റുകള്‍ക്ക് ശേഷമായിരുന്നു ഈ തീപ്പിടുത്തം. സ്റ്റാർഷിപ്പ് സ്ഫോടനം മൂലമുണ്ടായ അവശിഷ്‍ടങ്ങൾ കാരണം അന്ന് ഗള്‍ഫ് ഓഫ് മെക്‌സിക്കോയ്ക്ക് മുകളിലൂടെയുള്ള നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നു. ഹെയ്തി തലസ്ഥാനമായ പോർട്ട്-ഔ-പ്രിൻസിന് മുകളിലൂടെ ആകാശത്ത് ഓറഞ്ച് നിറത്തിലുള്ള പ്രകാശഗോളങ്ങൾ പരന്നു കിടക്കുന്നതും പുകപടലങ്ങള്‍ നിറഞ്ഞതുമായ വീഡിയോ വൈറലായിരുന്നു. റോക്കറ്റ് അവശിഷ്ടങ്ങളില്‍ ചിലത് കരീബിയന്‍ ദ്വീപുസമൂഹമായ ടർക്സ്-കൈകോസില്‍ പതിച്ചിരുന്നു. അതേസമയം ഇതേ ഏഴാം പരീക്ഷണത്തില്‍ സ്റ്റാര്‍ഷിപ്പിന്‍റെ ഭീമന്‍ ബൂസ്റ്റര്‍ യന്ത്രക്കൈ വിജയകരമായി പിടികൂടി.

elon-musk-spacex-to-launch-starship-super-heavy-rocket-for-eight-test-flight-on-friday