അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) സഞ്ചാരികള്‍ക്ക് ഏകദേശം മൂന്ന് ടൺ ഭക്ഷണം, ഇന്ധനം, മറ്റ് സാധനങ്ങൾ എന്നിവ എത്തിക്കുന്ന റോസ്‌കോസ്‌മോസ് കാർഗോ ബഹിരാകാശ പേടകത്തിന്‍റെ വിക്ഷേപണവും ഡോക്കിംഗും നാസ ലൈവായി ലോകത്തെ കാണിക്കും. പൈലറ്റില്ലാത്ത റോസ്‌കോസ്‌മോസ് പ്രോഗ്രസ് 91 ബഹിരാകാശ പേടകം ഫെബ്രുവരി 27 വ്യാഴാഴ്ച വൈകുന്നേരം 4:24ന് (ബൈക്കോണൂർ സമയം വെള്ളിയാഴ്ച പുലർച്ചെ 2:24ന്) കസാക്കിസ്ഥാനിലെ ബൈക്കോണൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് റോക്കറ്റിൽ വിക്ഷേപിക്കും.
നാസ പ്ലസിൽ വൈകുന്നേരം 4 മണിക്ക് ലോഞ്ച് ലൈവ് കവറേജ് ആരംഭിക്കും. സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ഇത് ലൈവായി കാണാൻ സാധിക്കും. സ്റ്റേഷനിലേക്കുള്ള രണ്ട് ദിവസത്തെ ഭ്രമണപഥ യാത്രയ്ക്ക് ശേഷം, മാർച്ച് 1 ശനിയാഴ്ച വൈകുന്നേരം 6:03 ന് ബഹിരാകാശ പേടകം സ്വെസ്ഡ സർവീസ് മൊഡ്യൂളിന്‍റെ പിൻ പോർട്ടിൽ ഓട്ടോമാറ്റിക്കായി ഡോക്ക് ചെയ്യും. നാസയുടെ ഡോക്കിംഗ് കവറേജ് അന്നേദിനം വൈകുന്നേരം 5:15ന് നാസ പ്ലസിൽ ആരംഭിക്കും. പ്രോഗ്രസ് 91 ബഹിരാകാശ പേടകം ഏകദേശം ആറ് മാസത്തേക്ക് ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യപ്പെടും. തുടർന്ന് ക്രൂ കയറ്റുന്ന മാലിന്യങ്ങൾ സംസ്‍കരിക്കുന്നതിനായി ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കാര്‍ഗോ പേടകം തിരികെ പ്രവേശിക്കും.
ഭൂമിയിൽ അസാധ്യമായ ഗവേഷണങ്ങൾ സാധ്യമാക്കുന്ന ശാസ്ത്രം, സാങ്കേതികവിദ്യ, മനുഷ്യ നവീകരണം എന്നിവയുടെ സംയോജനമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം എന്ന് നാസ പറയുന്നു. 24 വർഷത്തിൽ ഏറെയായി, ഭ്രമണപഥത്തിലുള്ള ഈ ലബോറട്ടറിയിൽ തുടർച്ചയായി മനുഷ്യ സാന്നിധ്യം നാസയും പങ്കാളികളും ഉറപ്പാക്കുന്നു. അതിലൂടെ ബഹിരാകാശയാത്രികർ ദീർഘകാലത്തേക്ക് ബഹിരാകാശത്ത് ജീവിക്കാനും ജോലി ചെയ്യാനും പഠിച്ചു. ഭൂമിയുടെ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിനും പര്യവേക്ഷണത്തിലെ നാസയുടെ അടുത്ത വലിയ കുതിച്ചുചാട്ടത്തിനും ബഹിരാകാശ നിലയം ഒരു നിർണായക സ്ഥലമാണ്. ഭാവിയിൽ ചന്ദ്രനിലേക്കുള്ള ദൗത്യങ്ങളും ചൊവ്വയിലെ മനുഷ്യ പര്യവേഷണവും ഉൾപ്പെടെയുള്ളവയെ ബഹിരാകാശ നിലയം സ്വാധീനിക്കുന്നു.
STORY HIGHLIGHTS : nasa-to-provide-coverage-of-progress-91-launch-and-international-space-station-docking