കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ പ്രധാന പ്രതി അനന്തുകൃഷ്ണന്റെ റിമാൻഡ് കാലാവധി ഇന്നവസാനിക്കും. അനന്തുവിനെ ഇന്ന് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും. കോട്ടയത്തെയും ഇടുക്കിയിലെയും കേസുകളന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യലിനായി അനന്തുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെടും. അഞ്ചുദിവസത്തേക്കാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലാവശ്യപ്പെടുക.
നിലവിൽ ഇടുക്കിയിൽ 22 കേസുകളാണ് അനന്തുവിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളത്തെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യൽ പൂർത്തിയാക്കി കഴിഞ്ഞ ദിവസം അനന്തുവിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. പണമിടപാട് രേഖകൾ വച്ചുളള ചോദ്യം ചെയ്യലിൽ ആനന്ദകുമാറാണ് തട്ടിപ്പിന്റെ സൂത്രധാകനെന്ന മൊഴിയാണ് അനന്തു ആവർത്തിക്കുന്നത്. അനന്തുവിന്റെ പേരിലുളള ഭൂമി കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം മൂവാറ്റുപുഴ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
പാതിവിലക്ക് ഉത്പന്നങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണൻ കോടികൾ തട്ടിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. 20163 പേരിൽ നിന്ന് 60000 രൂപ വീതവും, 4035 പേരിൽ നിന്ന് 56000 രൂപ വീതവും കൈപറ്റി എന്നാണ് ഇതുവരെ ഉള്ള കണക്കുകൾ. അനന്തുവിന്റെ പേരിലുള്ള 21 ബാങ്ക് അക്കൗണ്ടുകളിലേക്ക് 143. 5 കോടി രൂപ വന്നു. അനന്തുവിന്റെ സോഷ്യൽ ബീ വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിന്റെ 11 അക്കൗണ്ടുകളിലേക്ക് 2024 ഫെബ്രുവരി മുതൽ ഒക്ടോബർ വരെ 548 കോടി രൂപ എത്തി. അനന്തുവിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കോടികളുടെ ഉറവിടം കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. മൂവാറ്റുപുഴ കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് അനന്തു സമാഹരിച്ച കോടികളുടെ വിവരങ്ങൾ ക്രൈംബ്രാഞ്ച് അക്കമിട്ട് നിരത്തിയത്.
content highlight : ananthu-krishnan-s-remand-to-expire-today