Kerala

മതവിദ്വേഷ പരാമർശം; പിസി ജോർജ്ജിന്റെ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി പറയും

മതവിദ്വേഷ പരാമർശ കേസിൽ റിമാൻഡിൽ കഴിയുന്ന പിസി ജോർജ്ജിന്റെ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. പിസി ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും ആൻജിയോഗ്രാം ഉൾപ്പെടെ ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ പ്രോസിക്യൂഷൻ ശക്തമായി ഇതിനെ എതിർത്തു.

ജാമ്യ വ്യവസ്ഥകൾ പിസി ജോർജ് തുടർച്ചയായി ലംഘിക്കുന്നുവെന്ന് പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി. വിചാരണയിൽ കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കാമെന്ന് പിസി ജോർജിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

പൊതുപ്രവർത്തകൻ ആയാൽ കേസുകൾ ഉണ്ടാകും. ഇതും അത് പോലെയെന്ന് പിസി ജോർജിന്റെ അഭിഭാഷകൻ വാദിച്ചു. പിസി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് തെളിവ് ഉണ്ടോയെന്നും മതവിദ്വേഷ പരാമർശ കേസിൽ അന്വേഷണം പൂർത്തിയായ സാഹചര്യമാണെന്നും അതിനാൽ ജാമ്യം നൽകണമെന്നുമാണ് അഭിഭാഷകൻ ആവശ്യപ്പെട്ടത്.

പിസി നേരത്തെ സമാന കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. 30 വർഷം എംഎൽഎ ആയിരുന്ന വ്യക്തി ആണ്. മത സൗഹാർദ്ദം തകർക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രസ്താവനയാണിത്.

മുൻകൂർ ജാമ്യത്തിന് പോയപ്പോൾ തന്നെ ഹൈ കോടതിയിൽ ഇത് ബോധ്യപ്പെടുത്തിയതാണ്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. ഇതെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതെന്നും പ്രോസിക്യൂട്ടർ വാദിച്ചു.

റിമാൻ്റിലായതിന് പിന്നാലെ ഇസിജി വേരിയേഷനെ തുടർന്ന് പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചത്. നിലവിൽ ജോർജിന്‍റെ ആരോഗ്യം തൃപ്തികരമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തും.