Kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതി അഫാന്റെ പിതാവ് രാവിലെ തിരുവനന്തപുരത്ത് എത്തും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ (23) പിതാവ് പേരുമല ആർച്ച് ജംക്‌ഷൻ സൽമാസിൽ അബ്ദുൽ റഹിം ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തും. യാത്രാരേഖകൾ ശരിയായതോടെ അബ്ദുൽ റഹിം ദമാമിൽ നിന്ന് യാത്രതിരിച്ചു. 7.45 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് അബ്ദുൽ റഹിം നാട്ടിലേക്കു തിരിക്കാനായത്.

നാടിനെ ഞെട്ടിച്ച കൊലപാതകപരമ്പരയിൽ, കുടുംബാംഗങ്ങളായ 4 പേരടക്കം 5 പേരെയാണ് അഫാൻ കൊലപ്പെടുത്തിയത്. അഫാന്റെ മുത്തശ്ശി സൽമാബീവി (95), സഹോദരൻ അഫ്സാൻ (13), പിതൃസഹോദരൻ അബ്ദുൽ ലത്തീഫ് (60), ലത്തീഫിന്റെ ഭാര്യ സജിതാബീവി (55), വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി ഫർസാന (22) എന്നിവരാണു കൊല്ലപ്പെട്ടത്. തലയ്ക്കടിയേറ്റു ഗുരുതരമായി പരുക്കേറ്റ അമ്മ ഷമി ആശുപത്രിയിൽ ചികിത്സയിലാണ്.

കല്ലറ പാങ്ങോട്ട് ഒറ്റയ്ക്കു താമസിക്കുന്ന മുത്തശ്ശി സൽമാബീവിയെ ആണ് ആദ്യം കൊലപ്പെടുത്തിയത്. പേരുമലയിലെ അഫാന്റെ വീട്ടിൽനിന്ന് 25 കിലോമീറ്റർ അകലെയാണിത്. പുല്ലമ്പാറ എസ്എൻ പുരത്ത് താമസിക്കുന്ന ലത്തീഫിനെയും ഭാര്യയെയും പിന്നാലെ കൊലപ്പെടുത്തി. അതിനു ശേഷമാണ് അഫാൻ തന്റെ വീട്ടിലെത്തി സഹോദരനെയും അമ്മയെയും പെൺകുട്ടിയെയും ആക്രമിച്ചത്.

വൈകിട്ട് 6 മണിയോടെ ഓട്ടോയിൽ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു. അമ്മയടക്കം 6 പേരെ കൊലപ്പെടുത്തിയെന്നാണ് അഫാൻ അറിയിച്ചത്. ഇയാളെ സ്റ്റേഷനിലിരുത്തിയ ശേഷം മൂന്നിടങ്ങളിലും പൊലീസ് നടത്തിയ പരിശോധനയിലാണു കൊലപാതകങ്ങൾ സ്ഥിരീകരിച്ചത്. ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്ന ഷമിയെ പൊലീസാണ് ആശുപത്രിയിലേക്കു മാറ്റിയത്.