തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസ് പ്രതി അഫാന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ആശുപത്രി സെല്ലിലേക്ക് മാറ്റാനുള്ള നടപടികളുമായി പൊലീസ്. നിലവിൽ ആശുപത്രി മെഡിക്കൽ വാർഡ് റൂം നമ്പർ 32 ൽ ചികിത്സയിൽ തുടരുന്ന അഫാന്‍റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നതിനാൽ ഇന്ന് രാത്രി തന്നെ ആശുപത്രി സെല്ലിലേക്ക് മാറ്റാനാണ് തീരുമാനം.
ചികിത്സ വിലയിരുത്താനായി രൂപീകരിച്ച മെഡിക്കൽ ബോർഡ് അഫാന് നിലവിൽ മാനസിക പ്രശ്നങ്ങളില്ലെന്നാണ് വിലയിരുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ചികിത്സയോട് സഹകരിക്കാതിരുന്ന ഇയാൾ ഇപ്പോൾ കാര്യമായ എതിർപ്പ് ഉയർത്തുന്നില്ല. വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച സമയത്ത് വയർ കഴുകാനുള്ള ശ്രമം രണ്ടു തവണയും ഇയാളുടെ എതിർപ്പ് മൂലം സാധിച്ചില്ല.
എലിവിഷം കഴിച്ചത് മൂലം ഉണ്ടാകുന്ന ലക്ഷണങ്ങൾക്കാണ് ഇപ്പോൾ ചികിത്സ നൽകുന്നൽ രക്‌തസമ്മർദം ഉയരുക, രക്‌തം പോകുക, ഛർദിക്കുക തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടായാൽ അതിനായുള്ള ചികിത്സയാണ് നൽകുന്നത്. ഇതിനൊപ്പം ഗ്ലൂക്കോസും നൽകുന്നുണ്ട്. ഇയാൾക്ക് മറ്റു മാനസിക പ്രശനങ്ങളുണ്ടോയെന്ന കാരത്തിൽ വ്യക്‌തത വരുത്താനായാണ് മാനസികാരോഗ വിഗദ്ധനും പരിശോധന നടത്തിയത്.
അടച്ചിട്ട മുറിയിൽ രണ്ടു പൊലീസുകാർ 24 മണിക്കുറും നിരീക്ഷണത്തിനായി ഉണ്ട്. ഒരു കൈ കട്ടിലിൽ വിലങ്ങ് ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുണ്ട്. പ്രാഥമികാവശ്യങ്ങൾക്കായി മാത്രമാണ് ഇത് അഴിച്ച് മാറ്റുന്നത്. റൂം 32 ൽ അതീവ സുരക്ഷയിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. റൂമിന്‍റെ ഗ്ലാസ് ഡോറുകൾ പേപ്പർ ഒട്ടിച്ച് മറിച്ചിട്ടുണ്ട്. ആദ്യഘട്ടങ്ങളിൽ ചികിത്സയോട് മുഖം തിരിച്ച ഇയാൾ ഇപ്പോൾ സഹകരിക്കുന്നുണ്ടെന്ന് പൊലീസും പറയുന്നത്. ചികിത്സ പൂർത്തിയാക്കിയാക്കാൻ ഇനിയും മൂന്നു ദിവസത്തിലേറെ എടുക്കും. ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌താൽ ഇയാളെ പൊലീസ് കോടതിയിൽ ഹാജരാക്കി കസ്‌റ്റഡിയിൽ വാങ്ങും. ഇയാളുടെ ആരോഗ്യസ്‌ഥിതി സംബന്ധിച്ച വിശദമായ റിപ്പോർട്ട് ആവശ്യം ഉണ്ടായാൽ കോടതിയിൽ സമർപ്പിക്കുമെന്നും പൊലീസ് പറഞ്ഞു.