Kerala

വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്ക് ആനയെ കൊണ്ടുപോകുന്നതെന്തിന്?; ഹൈക്കോടതി

കൊച്ചി: വെടിക്കെട്ടു നടക്കുമ്പോൾ ആനയ്ക്കു കൂച്ചുവിലങ്ങിട്ടില്ലെങ്കിൽ ഓടുമെങ്കിൽ ഇങ്ങനെയുള്ള സ്ഥലത്തേക്കു കൊണ്ടുപോകുന്നതെന്തിനെന്നു ഹൈക്കോടതി. കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞതു സംബന്ധിച്ച ഗുരുവായൂർ ദേവസ്വം വെറ്ററിനറി സർജന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളികൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം ചോദിച്ചത്. വെടിക്കെട്ടുള്ള സ്ഥലത്തു കൂച്ചുവിലങ്ങില്ലാതെ ആനകളെ നിർത്തിയാൽ ആനകൾ അസ്വസ്ഥരാകുമെന്ന റിപ്പോർട്ടിലുള്ളതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ സർക്കാരിനും ഗുരുവായൂർ ദേവസ്വം ബോർഡിനും നിർദേശം നൽകി.

വെടിക്കെട്ട് നടക്കുന്ന സ്ഥലത്തുനിന്നു 100 മീറ്റർ അകലം പാലിക്കുന്നുണ്ടെന്നു ഗുരുവായൂർ ദേവസ്വം വിശദീകരിച്ചെങ്കിലും ആനയ്ക്ക് അസ്വസ്ഥതയുണ്ടാക്കുന്നിടത്ത് എന്തിനാണു കൊണ്ടുപോകുന്നതെന്നു കോടതി ചോദിച്ചു. ഉടമസ്ഥത സർട്ടിഫിക്കറ്റില്ലാത്ത ആനയെ പുറത്തു കൊണ്ടുപോകുന്നത് അനുവദനീയമാണോയെന്നു വ്യക്തമാക്കാനും നിർദേശിച്ചു. കൊയിലാണ്ടിയിൽ ഇടഞ്ഞ പീതാംബരൻ എന്ന ആനയ്ക്ക് ഉടമസ്ഥത സർട്ടിഫിക്കറ്റ് ഇല്ലായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു നിർദേശം.

ഗുരുവായൂർ ആനക്കോട്ടയിലെ പീതാംബരൻ ഉൾപ്പെടെയുള്ള ആനകളുടെ ഉടമസ്ഥത സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും പീതാംബരന് ഇൻഷുറൻസുണ്ടെന്നും ദേവസ്വം വിശദീകരിച്ചു. ഗുരുവായൂർ പുന്നത്തൂർ ആനക്കോട്ടയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഏഷ്യൻ എലിഫന്റ് സൊസൈറ്റി പ്രസിഡന്റ് സംഗീത അയ്യർ നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്. മാർച്ച് നാലിനു വീണ്ടും പരിഗണിക്കും.