കോൺഗ്രസിലെ വിവാദങ്ങൾക്കിടെ ഹൈക്കമാൻഡ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ ചേരും. ഇന്ദിരാഭവനിൽ വൈകിട്ട് നാലുമണിക്കാണ് യോഗം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയുടെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും അധ്യക്ഷതയിലാകും യോഗം.
കേരളത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല, ശശി തരൂർ തുടങ്ങിയ 40 ഓളം നേതാക്കൾ പങ്കെടുക്കും.
തിരഞ്ഞെടുപ്പ് മുന്നൊരുക്കമാണ് പ്രധാന ചർച്ചാ വിഷയം എങ്കിലും നിലവിലെ വിവാദങ്ങളും പുനഃസംഘടനയും ചർച്ച ചെയ്യും. കെ സുധാകരൻ അധ്യക്ഷനായി തുടരുമോയെന്ന കാര്യത്തിലും യോഗത്തിൽ തീരുമാനം ഉണ്ടാകും.
തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ വിവാദങ്ങളും പരസ്യപ്രതികരണങ്ങളും ഒഴിവാക്കി നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന നിർദേശമാകും ഹൈക്കമാൻഡ് നൽകുക.