കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന നേതാവിനെ അധ്യക്ഷനാക്കണം എന്നറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് മുല്ലപ്പള്ളി കത്ത് നൽകി. ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തിന് പിന്തുണ നൽകും. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്നും ഖർഗെയ്ക്ക് അയച്ച കത്തിൽ മുല്ലപ്പളളി വ്യക്തമാക്കി.
കെപിസിസിയിൽ സമ്പൂർണ പുനഃസംഘടന വേണമെന്നാവശ്യപ്പെട്ട് കേരളത്തിന്‍റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി റിപ്പോർട്ട് നൽകിയിരുന്നു. കെ.സുധാകരനെ മാറ്റി പുതിയ അധ്യക്ഷനെ നിയോഗിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്തെ പ്രധാനപ്പെട്ട നേതാക്കളുമായി വ്യക്തിപരമായ കൂടിക്കാഴ്ച നടത്തിയശേഷമാണ് ദീപാദാസ് മുൻഷി ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പുതിയ കെപിസിസി പ്രസിഡന്‍റ്, പത്ത് ജില്ലകളിൽ പുതിയ പാർട്ടി അധ്യക്ഷന്മാർ എന്നിങ്ങനെയുള്ള കാതലായ മാറ്റമില്ലാതെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ നേരിടാനാവില്ലെന്നാണ് ദീപാദാസ് മുൻഷിയുടെ നിലപാട്.