ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സെപ്റ്റംബറില്‍ നടത്താന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) തീരുമാനം. എന്നാല്‍ മത്സരങ്ങള്‍ ഇന്ത്യയ്ക്ക് പുറത്ത് നിഷ്പക്ഷ രാജ്യത്ത് നടത്തുമെന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ട്. വേദി അന്തിമമല്ലെങ്കിലും, ശ്രീലങ്കയിലോ യുഎഇയിലോ ടൂര്‍ണമെന്റ് നടത്താനാണ് സാധ്യത. മുന്‍ നിശ്ചയിച്ച പ്രകാരം ബിസിസിഐ ആതിഥേയരായി തുടരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്‍ വേദിയായ ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. പാകിസ്ഥാനിലേക്കു ടീമിനെ അയക്കില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനിന്നതോടെ ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലിലാക്കാന്‍ ഐസിസി നിര്‍ബന്ധിതരാവുകയും ചെയ്തു.
ഇന്ത്യന്‍ ടീം ചാംപ്യന്‍സ് ട്രോഫിക്കായി തങ്ങളുടെ നാട്ടിലേക്കു വരില്ലെങ്കില്‍ തിരികെ ഭാവിയില്‍ ഒരു ടൂര്‍ണമെന്റിലും പാക് ടീം ഇവിടെയും കളിക്കില്ലെന്നു പിസിബി അറിയിച്ചിരുന്നു. ഇതാണ് ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന മത്സരം ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ നിര്‍ബന്ധിതരായത്. ഇന്ത്യ, പാകിസ്ഥാന്‍ ടീമുകള്‍ പരസ്പരം അയല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നതിനാലാണ് തീരുമാനം. ഇന്ത്യയ്ക്കും പാകിസ്ഥാനും പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, യുഎഇ, ഒമാന്‍, ഹോങ്കോങ് എന്നീ എട്ട് ടീമുകള്‍ 2025 ഏഷ്യാ കപ്പില്‍ പങ്കെടുക്കും.
content highlight: Asia Cup