Business

ട്രേഡ്മാര്‍ക്ക് ലംഘനം; ആമസോണിന് 340 കോടി പിഴ! Amazon

വസ്ത്ര ബ്രാന്‍ഡായ ബെവര്‍ലി ഹില്‍സ് പോളോ ക്ലബിന്റെ പരാതിയിലാണ് നടപടി

ന്യൂഡല്‍ഹി: ആഗോള ഓണ്‍ലൈന്‍ റീട്ടൈല്‍ ശ്യംഖലയായ ആമസോണിന് ഭീമന്‍ പിഴയിട്ട് ഡല്‍ഹി ഹൈക്കോടതി. ട്രേഡ്മാര്‍ക്ക് വ്യവസ്ഥ ലംഘിച്ചെന്ന ആഡംബര വസ്ത്ര ബ്രാന്‍ഡായ ബെവര്‍ലി ഹില്‍സ് പോളോ ക്ലബിന്റെ പരാതിയിലാണ് നടപടി. 39 ദശലക്ഷം ഡോളര്‍ (340 കോടിയോളം) ആണ് പിഴ ചുമത്തിയിരിക്കുന്നത്.

ബെവര്‍ലി ഹില്‍സ് പോളോ ക്ലബിന്റെ ലോഗോയ്ക്ക് സമാനമായ ലോഗോ രേഖപ്പെടുത്തിയ ഉല്‍പന്നം വില്‍പന നടത്തിയെന്ന് ചൂണ്ടിക്കാട്ടി 2020 ല്‍ നല്‍കിയ പരാതിയിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ ബെവര്‍ലി ഹില്‍സ് പോളോ ക്ലബിന്റെ ലോഗോ ഉപയോഗിക്കരുത് എന്നും പരാതിക്ക് അടിസ്ഥാനമായ ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ നിന്ന് പിന്‍മാറണം എന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതു സംബന്ധിച്ച് 2020 ഒക്ടോബര്‍ 12-ന് ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആമസോണ്‍ ടെക്നോളജീസ് തുടര്‍ന്നുള്ള നടപടികളില്‍ ഹാജരാകാതിരുന്നതോടെയാണ് ഇപ്പോഴത്തെ നടപടി.

വ്യാപാര പ്ലാറ്റ്‌ഫോം എന്ന നിലയിലും, ചില്ലറ വ്യാപാര സംവിധാനം എന്ന നിലയിലും ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആമസോണ്‍. ഇത്തരം ഒരു കമ്പനി ബ്രാന്‍ഡുകളുടെ കാര്യത്തില്‍ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കുന്ന നിലയില്‍ പ്രവര്‍ത്തിച്ചെന്ന് വിലയിരുത്താം എന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി പ്രതിഭ എം സിങ് പിഴ വിധിച്ചത്.

content highlight: Amazon