ജി.ആർ. ഗായത്രി
കൊച്ചി:ആദ്യ സിനിമാ നിർമ്മാണത്തിലെ പ്രതിസന്ധികൾ തുറന്ന് പറഞ്ഞ് യുവ സംവിധായകൻ അനുറാം .താൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായ ‘മറുവശം’ നിർമ്മിച്ചപ്പോൾ ഉണ്ടായ ദുരനുഭവങ്ങളാണ് അനുറാം തന്റെ ഫേയ്സ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
-ഇന്നത്തെക്കാലത്ത് സിനിമ തീയേറ്ററിൽ റിലീസ് ചെയ്യുക വലിയ ചിലവേറിയതും, നിർമ്മാതാവ് സ്വയം ചെയ്യേണ്ടി വരുന്നതുമായ ഹിമാലയൻ ടാസ്ക്കാണ്. ഇതിനിടയിൽ പ്രതീക്ഷകളും, പ്രാർത്ഥനകളുമായി എന്റെ സിനിമ മറുവശം മാർച്ച് 7ന് ഷൂ സ്ട്രിങ് ബഡ്ജറ്റിൽ തിയേറ്ററിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്.എന്റെ തന്നെ ഉടമസ്ഥതയിലുള്ള റാംസ് ഫിലിം ഫാക്ടറിയുടെ ബാനറിലാണ് മറുവശം എത്തുന്നത്. കല്യാണിസം, ദം, ആഴം,കള്ളം, എന്നീ ചിത്രങ്ങൾക്ക് ശേഷം ഞാൻ ഒരുക്കുന്ന ചിത്രമാണ് മറുവശം.
നല്ലൊരു ബഡ്ജറ്റിൽ തുടങ്ങാനാഗ്രഹിച്ച ചിത്രമായിരുന്നു. പക്ഷേ അവസാനം പ്രൊഡ്യൂസർ പിന്മാറിയപ്പോൾ സുഹൃത്തുക്കൾ സഹായിച്ച് സിനിമ ഭംഗിയായിചെയ്തു.അ നുറാം പറയുന്നു.
എന്നാൽ ചിത്രം പൂർത്തിയാക്കിയപ്പോൾ നിർണായക സ്ഥലത്ത് കഥാഗതിക്കനുസരിച്ച് ഇടയ്ക്ക് വന്നുപോകുന്ന വയലൻസ് മൂലം സെൻസർ ബോർഡ് എ- സർട്ടിഫിക്കറ്റ് നൽകി. അത് വലിയൊരു ചതിയായിരുന്നു. സെൻസർ ബോർഡ് ഇരട്ട താപ്പാണ് എന്നോട് കാണിച്ചത്. ചെറിയ സിനിമകളെയാണ് പലപ്പോഴും സെൻസർ ബോർഡ് കത്തി വയ്ക്കുന്നത്. വലിയ സിനിമകളെ തലോടി വിടുകയും ചെയ്യുന്നു.അതുമാത്രമല്ല അത്യാവശ്യ സീനുകൾ വെട്ടി മാറ്റുകയും ചെയ്തു. തുടർന്ന് റിലീസ് പ്ലാനെല്ലാം മാറിമറിഞ്ഞപ്പോൾ മുന്നിൽ പിന്നെ അധികം വഴികളില്ലായിരുന്നു. അങ്ങനെയാണ് ഐ. എഫ്.എഫ്.കെ വേദിയിൽ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ നടത്തുന്ന ഫിലിം മാർക്കറ്റിൽ സിനിമ പ്രിവ്യൂ ചെയ്യാനുള്ള അവസരം ഞാൻ ഉപയോഗപ്പെടുത്താൻ തീരുമാനിക്കുന്നത്. മറുവശത്തിന്റെ കഥാസാരം നല്ലതായതിനാൽ എനിക്ക് ധൈര്യമായിരുന്നു. തിയേറ്റർ റിലീസ് ചെയ്യാനിരിക്കുന്ന ഒരു വാണിജ്യ സിനിമയെ സംബന്ധിച്ചിടത്തോളം അതൊരു തെറ്റായ തീരുമാനമാകുമെന്നാണ് പലരും ഉപദേശിച്ചത്. എല്ലാ വഴികളും അടഞ്ഞവനെന്തും ചെയ്യാനുള്ള പേടിയില്ലായ്മ ഉണ്ടാകുമല്ലോ!അങ്ങനെ മറുവശം പ്രദർശിപ്പിച്ചു. നിറഞ്ഞ സദസിൽ ഗംഭീരമായി പ്രദർശനം നടന്നു.
കെ എസ് എഫ് ഡി സി യിൽ ഒരു വാണിജ്യ സിനിമയ്ക്ക് ഒന്നും ചെയ്യാനില്ലെന്നറിയാമായിരുന്നു. എന്നാൽ സിനിമ കണ്ട ഐ എഫ് എഫ് കെ പ്രതിനിധികളും, സിനിമാപ്രവർത്തകരും മികച്ച അഭിപ്രായം പറഞ്ഞത് വലിയ നേട്ടമായി. തുടർന്ന് സൻഹ ക്രിയേഷൻസ് എന്ന വിതരണ കമ്പനി ചിത്രം റിലീസ് ചെയ്യാൻ മുന്നോട്ട് വന്നു. പിന്നാലെ ഐ എഫ് എഫ് കെ ഫിലിം മാർക്കറ്റിൽ സിനിമ കണ്ട തമിഴ് സിനിമയിലെ യുവ എഡിറ്ററുടെ നിർദ്ദേശപ്രകാരം തമിഴ് റീമേക്ക് അവകാശം തേടി ഒരു കമ്പനിയും എത്തി.എല്ലാം എന്റെ ഭാഗ്യം. നല്ല ഒരു താരനിരയോടുകൂടി തമിഴിൽ മറുവശം ഒരുക്കാനുള്ള തിരുമാനത്തിലാണ്.പ്രേക്ഷകർ ഈ സിനിമ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് വിശ്വാസം.
ഫിലിം മാർക്കറ്റ് എന്ന ഉദ്യമത്തിന് തുടക്കമിട്ട കെ എസ് എഫ് ഡി സിക്ക് തന്റെ തീർത്താൽ തീരാത്ത നന്ദി അനുറാം പറഞ്ഞു.ജയശങ്കർ കാരിമുട്ടം,ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, ഷെഹിൻ സിദ്ദിഖ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലുള്ളത്. മറുവശം മാർച്ച് 7 ന് തിയേറ്ററിലെത്തും.