Kerala

യൂണിവേഴ്‌സിറ്റി ഭരണസമിതികളുടെ തെരഞ്ഞെടുപ്പ് ഫല വിജ്ഞാപനമിറക്കുന്നതില്‍ നിന്ന് വി.സി മാരെ ഒഴിവാക്കി നിയമഭേദഗതി: SFI യ്ക്ക് കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ രൂപീകരിക്കാനാവാത്തതിന്റെ പകയെന്ന് ആരോപണം

വി.സി മാരെ നോക്കുകുത്തികളാക്കി മന്ത്രിക്കും, കരാറില്‍ നിയമിക്കുന്ന രജിസ്ട്രാര്‍മാര്‍ക്കും അമിത അധികാരങ്ങള്‍

സെനറ്റ്, സിണ്ടിക്കേറ്റ്, അക്കാദമിക് കൗണ്‍സില്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ എന്നിവയിലെ തെരഞ്ഞെടുപ്പ് ഫലം, വിജ്ഞാപനം ചെയ്യുന്നതിനും സമിതികള്‍ രൂപീകരിക്കുന്നതിനും വൈസ് ചാന്‍സിലര്‍മാര്‍ക്കുള്ള അധികാരം രജിസ്ട്രാര്‍മാര്‍ക്ക് നല്‍കുന്ന പുതിയ നിയമഭേദഗതി മാര്‍ച്ച് മൂന്നിന് നിയമസഭയില്‍ അവതരിപ്പിക്കുന്ന നിയമഭേദഗതി ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ സിണ്ടിക്കേറ്റ് നിയമിക്കുന്ന രജിസ്ട്രാര്‍ക്ക് വിസിയുടെ നിലവിലുള്ള പല അധികാരങ്ങളും നല്‍കി വിസിയ്ക്കുള്ള അധികാരങ്ങള്‍ ഇല്ലാതാക്കുകയും അധികാരങ്ങള്‍ റജിസ്ട്രാര്‍മാരില്‍ കേന്ദ്രീകരിക്കുകയും ചെയ്യുക എന്ന സി.പി.എമ്മിന്റെ നിലപാടിന്റെ ഭാഗമായാണ് പുതിയ നിയമഭേദഗതികള്‍.

വോട്ടെണ്ണല്‍ രേഖകള്‍ കൂടാതെ യൂണിവേഴ്‌സിറ്റി യൂണിയന്റെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ വിസമ്മതിച്ച ‘കേരള’ വി.സിയുടെ നിലപാടിനെ തുടര്‍ന്നാണ് ഈ നീക്കം. ഹൈക്കോടതിയെ സമീപച്ചിട്ടും കഴിഞ്ഞവര്‍ഷം തെരഞ്ഞെടുക്കപ്പെട്ട എസ്.എഫ്.ഐ പ്രതിനിധികള്‍ക്ക്,’കേരള’യില്‍ യൂണിയന്‍ രൂപീകരിക്കാനാവാത്ത അവസ്ഥ മേലില്‍ സര്‍വ്വകലാശാലകളില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുകയാണ് നിയമ ഭേ ദഗതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന വിമര്‍ശനും ഉയരുന്നുണ്ട്.

സിണ്ടിക്കേറ്റ് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന ഉദ്യോഗസ്ഥനായിരിക്കും മേലില്‍ യൂണിവേഴ്‌സിറ്റി ഭരണ സമിതികള്‍ രൂപീകരിക്കുക. ഗവര്‍ണറുടെയും വിസിയുടെയും അധികാരങ്ങള്‍ വെട്ടിക്കുറച്ച്, ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും, രജിസ്ട്രാര്‍ക്കും, സിന്‍ഡിക്കേറ്റിനും കൂടുതല്‍ അധികാരങ്ങള്‍ നിയമഭേദഗതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രിക്കും, സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന സിന്‍ഡിക്കേറ്റുകള്‍ക്കും, കരാറടിസ്ഥാനത്തില്‍ നിയമിക്കുന്ന രജിസ്ട്രാര്‍ക്കും കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതോടെ സര്‍വ്വകലാശാലകളുടെ നിലവിലെ അക്കാദമിക് സ്വാതന്ത്ര്യം നഷ്ടപ്പെടും. സര്‍വ്വകലാശാല ഭരണം പൂര്‍ണ്ണമായും രാഷ്ട്രീയവല്‍ക്കരിക്കപ്പെടും.

1991ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സര്‍വകലാശാലകളുടെ ഫയലുകള്‍ പരിശോധിക്കുവാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമഭേദഗതിയ്ക്ക് ശ്രമിച്ചപ്പോള്‍ യൂണിവേഴ്‌സിറ്റികളുടെഓട്ടോണമി നഷ്ട്ടപ്പെടുമെന്ന പേരില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ച സി.പി.എമ്മാണ് ഇപ്പോള്‍ സര്‍വ്വകലാശാലകളെ സര്‍ക്കാരിന്റെ ഒരു വകുപ്പിന് സമാനമാക്കി മാറ്റുന്നതിന് വിദ്യാഭ്യാസമന്ത്രിക്ക് അമിതാധികാരങ്ങള്‍ നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകലാശാലകളെ പൂര്‍ണ്ണമായും ചുവപ്പുവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമഭേദഗതികളെന്ന് ആരോപണം ശക്തമാണ്.

CONTENT HIGH LIGHTS; Law amendment exempting VCs from announcing election results of university governing bodies: Alleged that SFI is grudge against not being able to form Kerala University Union