Kerala

എസ്. മിനി സാംക്രമിക രോഗം പരത്തുന്ന കീടം; ആശാവര്‍ക്കര്‍മാർക്കെതിരെ വീണ്ടും അധിക്ഷേപവുമായി സിഐടിയു | CITU Leaders

കോട്ടയം: ആശാവര്‍ക്കര്‍മാരുടെ സമരത്തെ അധിക്ഷേപിച്ച് വീണ്ടും സിഐടിയു നേതാക്കള്‍. സമരസമിതി നേതാവ്  എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ് പിബി ഹര്‍ഷകുമാര്‍ അധിക്ഷേപിച്ചു.  ”സമരത്തിൻ്റെ ചെലവിൽ കുറേ ദിവസമായി തിരുവനന്തപുരത്ത് കഴിഞ്ഞു കൂടുകയാണ്. കേരളത്തിലെ ബസ് സ്റ്റാൻഡുകളുടെ മുന്നിൽ പാട്ട കുലുക്കി പിരിവ് നടത്തുന്ന പാർട്ടിയാണ് സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. അതിൻ്റെ നേതാവാണ് മിനിയെന്നുമായിരുന്നു പി.ബി. ഹർഷകുമാറിന്റെ ആരോപണം.

സിഐടിയുക്കാർ 51 വെട്ട് വെട്ടാഞ്ഞത് ഭാഗ്യമെന്നായിരുന്നു അധിക്ഷേപത്തിന് എസ് മിനിയുടെ മറുപടി.  തന്നെ നികൃഷ്ട ജീവിയെന്ന് വിളിച്ചില്ലല്ലോ എന്നതിൽ ആശ്വാസമുണ്ട്. ആശാ വർക്കർമാരുടെ സമരത്തോടെ സിഐടിയുവിന്റെ ആണിക്കല്ല് ഇളകി. ആക്ഷേപങ്ങൾക്ക് പൊതുജനം മറുപടി നൽകുമെന്നും ആശ സമരസമിതി നേതാവ് എസ് മിനി പ്രതികരിച്ചു.

പത്തനംതിട്ടയിലും തിരുവനന്തപുരത്തും ആശാ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സിഐടിയു നടത്തിയ കേന്ദ്ര സര്‍ക്കാര്‍ ഓഫീസിലേക്കുള്ള മാര്‍ച്ചിലാണ് അധിക്ഷേപമുണ്ടായത്. തിരുവനന്തപുരത്ത് സിഐടിയു ഇന്ന് ബദൽ സമരം നടത്തി. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്നതെന്ന് സിഎസ് സുജാത ആരോപിച്ചു. ഏജീസ് ഓഫീസിലേക്കുള്ള സിഐടിയു സമരത്തിൽ സംസ്ഥാന സർക്കാറിന് പുകഴ്ത്തലും കേന്ദ്രത്തിനും കുറ്റവുമായിരുന്നു മുദ്രാവാക്യം. അധിക്ഷേപങ്ങൾ കൊണ്ടൊന്നും തളരില്ലെന്നും സമരസമിതി വ്യക്തമാക്കി. രാപ്പകൽ സമരം 19 ദിവസമാണ് പിന്നിടുന്നത്.