ശരീരഭാരം കൂടുന്നത് പലരും നേരിടുന്ന പ്രശ്നമാണ്. തടി കൂടുന്നതിൽ നമ്മൾ കഴിയ്ക്കുന്ന ഭക്ഷണത്തിന് വലിയൊരു പങ്കുണ്ടെന്ന് എല്ലാവർക്കുമറിയാം. ഫിറ്റ്നസ് നിലനിർത്താൻ വ്യായാമത്തിനൊപ്പം ശരിയായ ഭക്ഷണരീതിയും അത്യാവശ്യമാണ്.
കൊഴുപ്പ്, കാർബോഹൈട്രേറ്റ്, പഞ്ചസാര എന്നിവ അടF3J ങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. പകരം കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയും വേണം. ആരോഗ്യകരമായ ഭക്ഷണരീതിയാണ് നിങ്ങളുടെ ഫിറ്റ്നസിനെ വീണ്ടെടുത്ത് രോഗങ്ങളിൽ നിന്നും മുക്തി തരുന്നത്.
കൃത്യമായി വ്യായാമം ചെയ്തിട്ടും പലർക്കും ശരിയായ ഫലം കിട്ടാതെ വരുന്നത് തെറ്റായ ഡയറ്റ് പിന്തുടരുന്നതുകൂടി കൊണ്ടാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഡയറ്റിൽ നിർബദ്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞുവെക്കാം.
പ്രോട്ടീനും ഫൈബറും ധാരാളമായുള്ള പയറുവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറന്നുപോകരുത്. ഇവ വിശപ്പിനെ നിയന്ത്രിയ്ക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും. വിറ്റാമിൻ എ, ബി 2, സി, ഡി, ഇ എന്നിവ മുളപ്പിച്ച പയർവർഗങ്ങളിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കുക മാത്രമല്ല രോഗപ്രതിരോധശേഷിയെ കൂട്ടാനും ഇവയ്ക്ക് സാധിയ്ക്കും.
മുട്ട കഴിയ്ക്കാൻ മടിയുള്ള ചിലരെങ്കിലും കാണും. എന്നാൽ പ്രോട്ടീന്റെ കലവറയാണ് മുട്ട. അതിനൊപ്പം വിറ്റാമിൻ ബി2, ബി12, ഡി, ഫോളേറ്റ്, ഫോസ്ഫറസ്, സെലെനിയം, കാത്സ്യം, സിങ്ക് തുടങ്ങിയവും ഇവയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കും. കൂടാതെ വ്യായാമം ചെയ്യാനുള്ള ഊർജം നൽകാനും ഇത് സഹായിക്കും.
ആപ്പിൾ കഴിയ്ക്കുന്നത് അമിത വിശപ്പിനെ അകറ്റാൻ സഹായിക്കും. ഫൈബർ ധാരാളമായി ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ആപ്പിൾ കഴിക്കുമ്പോൾ വിശപ്പ് പെട്ടെന്നു ശമിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതിൽ നിന്നും നമ്മളെ പിന്തിരിപ്പിക്കുകയും ചെയ്യും.
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫ്ളാക്സ് സീഡ് അഥവാ ചണവിത്ത്. ധാരാളം പോഷകങ്ങൾ അടങ്ങിയ ഫ്ളാക്സ് സീഡ് ശരീരഭാരത്തെ നിയന്ത്രിക്കുവാൻ വലിയ രീതിയിൽ സഹായിക്കും. ഫൈബർ ധാരാളം അടങ്ങിയ ഫ്ളാക്സ് സീഡുകൾ ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് തടയുകയും വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും.
ചീരയുടെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ടൊരു ഇലക്കറിയാണ് ചീര. വിറ്റാമിൻ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, അയൺ തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ ഇതിലുണ്ട്. കലോറി കുറഞ്ഞ ഭക്ഷണമായതിനാൽ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടാന്നതിനെ നിയന്ത്രിക്കുകയും ഇവ ചെയ്യും.