മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് റവന്യു-ഭവന വകുപ്പ് മന്ത്രി കെ. രാജന്‍. മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജൂലൈ 30 ന് ദുരന്തമുണ്ടായി 61 ദിവസത്തിനകം അവിടെ ഏറ്റെടുക്കേണ്ട ഭൂമിയെ സംബന്ധിച്ച് തീരുമാനമെടുത്തു കൊണ്ട് 2 എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാനുള്ള പൊതുവായ നിര്‍ദ്ദേശം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചുകൊണ്ട് 2024 ഒക്ടോബര്‍ 4 ന് ഉത്തരവിറക്കി.
ഒക്ടോബര്‍ നാലിന് ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോയെങ്കിലും കോടതി ഇടപെടലിനെത്തുടര്‍ന്ന് ആ ഘട്ടത്തില്‍ നടന്നുകൊണ്ടിരുന്ന സര്‍വ്വെ നടപടികള്‍പോലും കോടതി സ്റ്റേചെയ്തു. കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്ന് ഡിസംബര്‍ 27 വരെ പരിശോധന നടത്താന്‍ പോലും സാധിച്ചില്ല എന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ 27 ന് ദുരന്ത നിവാരണ ആക്റ്റ് അനുസരിച്ച് ഭൂമി ഏറ്റെടുക്കാനും നഷ്ടപരിഹാര തുക കണക്കാക്കാനും കോടതി സര്‍ക്കാറിനെ ചുമതലപ്പെടുത്തി.
ജനുവരി 1 ന് തന്നെ സ്ഥലത്തിന്റെ ഫിസിക്കല്‍ സര്‍വ്വെ, ജിയോളജിക്കല്‍ സര്‍വ്വെ, ടോപ്പോഗ്രാഫിക്കല്‍ സര്‍വ്വെയും പൂര്‍ത്തിയാക്കി ഭൂമിയുടെ വില നിശ്ചയിച്ച് രണ്ടുമാസക്കാലം പൂര്‍ത്തിയാക്കുന്നതിനുമുമ്പ് ആ നടപടികളെല്ലാം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഔപചാരികമായി പൂര്‍ത്തീകരിച്ചിരുന്നു. സര്‍ക്കാര്‍ ക്യാബിനെറ്റിലൂടെ നിര്‍മ്മാണ ഏജന്‍സികളെയും അതിനുവേണ്ട സംവിധാനങ്ങളെയും, കമ്മിറ്റികളെയും നിശ്ചയിച്ചിരുന്നു. വീടുകള്‍ നിര്‍മ്മിച്ചുതരാമെന്നേറ്റ ഏജന്‍സികളുമായും, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും സ്പോണ്‍സര്‍മാരുമായും മുഖ്യമന്ത്രി ഉള്‍പ്പെടെ ആശയവിനിമയം നടത്തിയിരുന്നതായും മന്ത്രി പറഞ്ഞു.
ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ആദ്യ ഘട്ടത്തില്‍ അതിന്റെ കരട് രൂപം ഇറക്കി 10 ദിവസക്കാലം ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് പരിഹരിച്ച് തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നേരിട്ട് പരിശോധന നടത്തിയാണ് ആദ്യ ലിസ്റ്റ് പൂര്‍ണ്ണമായി അംഗീകരിച്ചത്. ആദ്യത്തെ ലിസ്റ്റ് പൂര്‍ണ്ണമായി അംഗീകരിച്ച കമ്മിറ്റിതന്നെ ജോണ്‍ മത്തായി പറഞ്ഞതനുതസരിച്ച് നോ ഗോ സോണില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥലങ്ങളേതൊക്കെയാണെന്നും ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള വീടുകളേതൊക്കെയാണെന്നും അറിയുന്നതിനായി പ്രത്യേകമായി കരട് തയ്യാറാക്കി അതും ഡി.ഡി.എം.എ 2 എ ലിസ്റ്റ് പുറത്തിറക്കി.
നോ-ഗോ സോണിന് പുറത്തായി സ്ഥിതി ചെയ്യുന്ന ദുരന്തം കാരണം ഒറ്റപ്പെട്ടു പോകുന്ന വീടുകളെ ഉള്‍പ്പെടുത്തിയിട്ടുളള കരട് ഫേസ് 2 ബി ലിസ്റ്റ് പുറത്തിറക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിക്കൊണ്ടുള്ള ക്യാബിനറ്റ് തീരുമാനത്തിലൂടെ വയനാട് ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ ലിസ്റ്റല്ല, ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ ലിസ്റ്റാണ് തയ്യാറാക്കിയത്. ഒന്നും രണ്ടും ലിസ്റ്റുകള്‍ വീട് നഷ്ടപ്പെട്ടവരുടേതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കല്‍പ്പറ്റ ടൗണില്‍ നിന്നും ഏറ്റവും അടുത്തുള്ള എല്‍സ്റ്റണ്‍ എസ്റ്റേറ്റാണ് പ്രധാനമായും ആദ്യഘട്ടത്തില്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിനായി ഏറ്റെടുക്കാന്‍ പോകുന്നത്. ഏഴു സെന്റില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീടുകളാണ് ഇവിടെ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഒരു നിലയാലാണ് പണിയുന്നതെങ്കിലും രണ്ടാം നില പണിയുന്നതിനായുള്ള അടിത്തറകൂടി സജ്ജമാക്കിയായിരിക്കും നിര്‍മ്മിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്പോണ്‍സര്‍ 20 ലക്ഷം അടച്ചാല്‍ മതി എന്നാണ് പറഞ്ഞത്. ഒരു വീട് നിര്‍മ്മിക്കുന്നതിന് യഥാര്‍ത്ഥത്തില്‍ 30 ലക്ഷവും ജി.എസ്.ടിയും ആവശ്യമാണ് എന്നാണ് കരാര്‍ ഏജന്‍സികള്‍ അറിയിച്ചത്.
സ്പോണ്‍സര്‍ നല്‍കുന്ന 20 ലക്ഷത്തിന്റെ ബാക്കി മെറ്റീരിയല്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭ്യമാക്കും. എന്നിട്ടും തികഞ്ഞില്ലെങ്കില്‍ സി.എം.ഡി.ആര്‍.എഫിലൂടെ നല്‍കുമെന്നും മന്ത്രി പറഞ്ഞു. 30 ലക്ഷത്തിന്റെ വീട് 20 ലക്ഷമാക്കി എന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരന്തബാധിതര്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള 300 രൂപ ബത്ത അതേ വ്യവസ്ഥയില്‍ തുടര്‍ന്നും 9 മാസത്തേക്ക് അനുവദിക്കും. സപ്ലൈകോ വഴി മാസം 1000 രൂപയുടെ സാധനങ്ങള്‍ വാങ്ങാവുന്ന കൂപ്പണ്‍ വാടകയ്ക്ക് താമസിക്കുന്ന ദുരന്തബാധിത കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
കച്ചവടക്കാര്‍ക്കുള്ള പാക്കേജ്, ദീര്‍ഘകാല ചികിത്സ ആവശ്യമുള്ളവര്‍ക്കുള്ള പാക്കേജ്, റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണവും നടത്തും. ബെയ്ലി പാലത്തിന് പകരമായി സിംഗിള്‍ സ്പാന്‍ ബ്രിഡ്ജ് നിര്‍മ്മിക്കണമെന്നാണ് തീരുമാനം. പുനര്‍നിര്‍മ്മിതി ഭാവിയില്‍ ദുരന്തം ഉണ്ടായാലും റെസ്‌ക്യു പോയിന്റായി മാറുന്ന രീതിയിലാണ് പാലം വിഭാവനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. റോഡ് പോലും ഇല്ലാതെ ഒറ്റപ്പെട്ടുപോയ ആളുകളുണ്ട്. അവര്‍ക്ക് വേണ്ടി നാല് പാലങ്ങളും എട്ട് റോഡും നിര്‍മ്മിക്കും. പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൈക്രോപ്ലാന്‍ അനുസരിച്ച് ജീവനോപാതി നഷ്ടപ്പെട്ടവര്‍ക്ക് ജീപനോപാതി തിരിച്ചുനല്‍കാന്‍ പാകത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എം.എസ്.എം.ഇ കള്‍ ഉണ്ടാക്കിയും അവര്‍ക്ക് ചെറിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി ലോണ്‍ നല്‍കിയും കുടുംബശ്രീയും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് 1038 വീടുകലെ കേന്ദ്രീകരിച്ച് ഉണ്ടാക്കിയിട്ടുള്ളതാണ് മൈക്രോപ്ലാന്‍ വികസന പദ്ധതി. ചൂരല്‍മലയില്‍ കച്ചവടം പൂര്‍ണ്ണമായി നഷ്ടപ്പെടാതിരിക്കാന്‍ ചൂരല്‍മല ടൗണിന്റെ ഒരു റീഡിസൈന്‍കൂടി ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്താന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു.
എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ട് ദുരന്ത സ്ഥലത്ത് ഒരു ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം പ്രത്യേകമായി ദുരന്തബാധിതരായ ആളുകളുടെ പ്രശ്നപരിഹാരത്തിനായി അദാലത്ത് നടത്തിയിരുന്നു. എല്ലാ മാസവും ജില്ലാ കളക്ടറിന്റെ നേതൃത്വത്തില്‍ അദാലത്ത് നടത്തുമെന്നും മന്ത്രി പറഞ്ഞു.
അനാവശ്യമായ വിവാദത്തിലേക്ക് ഈ ഘട്ടത്തില്‍ പോവരുത്. ദുരന്തബാധിതരുടെ ഉള്ളില്‍ ആശങ്ക നിറക്കുന്ന രീതിയില്‍ ആരും പ്രവര്‍ത്തിക്കരുതെന്നും മന്ത്രി പറഞ്ഞു. ഫസ്റ്റ് ഫേസ്, സെക്കന്റ് ഫേസില്‍ 2 എ, 2 ബി ലിസ്റ്റുള്ളവരെ ഒരുമിപ്പിച്ച് പുനരധിവസിപ്പിക്കും. നയപ്രഖ്യാപന പ്രസംഗത്തില്‍ നിയമസഭയില്‍ പറഞ്ഞതുപോലെ ഈ സാമ്പത്തിക വര്‍ഷം തന്നെ പുനരധിവസിപ്പിക്കേണ്ട മുഴുവന്‍ ആളുകളെയും പുനരധിവസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
CONTENT HIGH LIGHTS; No delay in rehabilitation of Mundakai-Churalmala landslide victims: Revenue Minister K. Rajan