Ernakulam

വിദ്യാർത്ഥികൾക്കിടയിലെ അപരിചിതൻ, പോലീസിനെ വിവരമറിയിച്ച് രക്ഷിതാക്കൾ; 600ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

പാപ്പി എന്ന പേരിലാണ് കഞ്ചാവ് വിൽപ്പനക്കാരൻ അറിയപ്പെട്ടിരുന്നത്.

കൊച്ചി: വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന ഇതര സംസ്ഥാനത്തൊഴിലാളി പൊലീസ് പിടിയിൽ. ഒഡീഷ നരസിങ്ങ്പൂർ സ്വദേശി സമർകുമാർ ത്രിപതി (41) യെയാണ് പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 600ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പാപ്പി എന്ന പേരിലാണ് കഞ്ചാവ് വിൽപ്പനക്കാരൻ അറിയപ്പെട്ടിരുന്നത്. വിദ്യാർത്ഥികൾക്കിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെക്കുറിച്ച് രക്ഷകർത്താക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ത്രിപതി പൊലീസ് നിരീക്ഷണത്തിലായി.

ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങിയ പതിനെട്ടുകാരനായ വിദ്യാർത്ഥിയെ പൊലീസ് പിടികൂടി. വിദ്യാർത്ഥിയിൽ നിന്ന് കഞ്ചാവും കണ്ടെടുത്തു. തുടർന്നാണ് പള്ളിക്കവല ഭാഗത്ത് നിന്ന് കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളിയെ കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് വിൽപ്പനയ്ക്കായി ചെറിയ പൊതികളിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. 500 രൂപ നിരക്കിൽ ചെറിയ പാക്കറ്റുകളിൽ ആക്കിയായിരുന്നു വിൽപ്പന.
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം എത്തിക്കുന്ന കഞ്ചാവ് ഇവിടെ പാക്കറ്റുകളിൽ ആക്കി വിൽപ്പന നടത്തിവരികയായിരുന്നു. ഉറപ്പ് @സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി സ്ക്കൂൾ പരിസരങ്ങൾ പൊലീസ് നിരീക്ഷണത്തിലാണ്. ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് അധികൃതരെ ഏതു സമയത്തും വിളിച്ചറിയിക്കാം. പെരുമ്പാവൂർ എ എസ് പി  ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം സൂഫി ,സബ് ഇൻസ്പെക്ടർ പി.എം റാസിഖ്, എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ വർഗീസ് ടി വേണാട്ട്, ബെന്നി ഐസക്, സിബിൻ സണ്ണി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

content highlight : migrant-state-worker-selling-ganja-to-students-arrested-by-police

Latest News