കൽപ്പറ്റ: ഇ – ഓഫീസ്, ഇ – ട്രഷറി സംവിധാനങ്ങൾ റവന്യൂ രംഗത്തേക്ക് കടന്നു വന്നതോടെ പ്രവാസി മലയാളികൾക്ക് പത്തു വിദേശ രാജ്യങ്ങളിൽനിന്ന് കേരളത്തിലെ ഭൂമിയുടെ നികുതി, ഭൂമിയുടെ തരം മാറ്റം, പോക്കുവരവ് , തണ്ടർപേർ എന്നിവ നിർവഹിക്കാനാകുമെന്ന് റവന്യൂ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. സർക്കാരിന്‍റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലാ നിർമ്മിതി കേന്ദ്രം മുഖേന നിർമ്മിച്ച മാനന്തവാടി താലുക്കിലെ വെള്ളമുണ്ട സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
കേരളത്തിലെ 535-ാമത്തെ സ്മാർട്ട് വില്ലേജ് ആണ് വെള്ളമുണ്ട. 183 വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം പുരോഗമിക്കുന്നു. 200 വില്ലേജുകൾക്ക് നിർമ്മാണ അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾക്ക് വേണ്ട സേവനം വേഗത്തിലും കൃത്യസമയത്തും എത്തിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ 18-ാമത്തെ സ്മാർട്ട് വില്ലേജ് ഓഫീസാണ് വെള്ളമുണ്ട. ആധുനിക സൗകര്യങ്ങളോടെ
1300 ചതുരശ്ര അടിയിൽ നിർമ്മിച്ച കെട്ടിടത്തിന്‍റെ ചെലവ് 44 ലക്ഷം രൂപയാണ്.
പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അധ്യക്ഷത വഹിച്ചു. 2019 ലെ പ്രളയത്തിൽ മാറ്റി പാർപ്പിച്ച വെള്ളമുണ്ട വില്ലേജിലെ വാളാരംകുന്ന് കൊയ്റ്റുപാറ ഉന്നതി, പെരികുളംമേലെ ഭാഗം എന്നീ സ്ഥലങ്ങളിലെ 26 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് വെള്ളമുണ്ട വില്ലേജ് പരിധിയിൽ വീട് നിർമ്മിക്കുന്നതിന് വാങ്ങി നൽകിയ ഭൂമിയുടെ രേഖകൾ പട്ടികജാതി-പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു വിതരണം ചെയ്തു.
ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, എഡിഎം കെ ദേവകി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, ഡെപ്യൂട്ടി കളക്ടർമാരായ എം ബിജു, ഷേർലി, മാനന്തവാടി തഹസിൽദാർ പി യു സിതാര, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സുധി രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി ബാലൻ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജംഷീർ കുനിങ്ങാരത്ത് തുടങ്ങിയവർ സംസാരിച്ചു.
content highlight : you-can-pay-land-tax-in-kerala-from-foreign-countries