മീനങ്ങാടി: ജ്വല്ലറിയുടെ പൂട്ട് പൊളിച്ച് അകത്തുകയറി ഒന്നരലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നയാളെ കര്‍ണാടക-ആന്ധ്ര സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലെത്തി പിടികൂടി കേരള പോലീസ്. ഇവിടെ തട്ടാനഗരിപള്ളി എന്ന പ്രദേശത്ത് നിന്ന് അതിസാഹസികമായാണ് പ്രതി പൊക്കിയതെന്നാണ് പോലീസ് അവകാശപ്പെടുന്നത്. കര്‍ണാടക ചിക്കബാലപുര തട്ടാനഗരിപ്പള്ളി ടി.എം. ഹരീഷി(25)നെയാണ് മീനങ്ങാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
തട്ടാനഗരിപള്ളിയിലെത്തിയ കേരള പോലീസിന്റെ സാന്നിദ്ധ്യം മനസ്സിലാക്കിയ ഹരീഷ് ഗ്രാമവാസികളുടെ സഹായത്തോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ ഓടിയെത്തിയ പോലീസ്
ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. ഇയാള്‍ സമാനമായ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല ഇതില്‍ പല കേസുകളിലും ഇപ്പോള്‍ വിചാരണ നേരിടുന്നയാളുമാണ്. കൊണ്ടോട്ടി, മാവൂര്‍, പയ്യന്നൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ്, ഇരിട്ടി, കൂത്തുപറമ്പ് എന്നീ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. ഇതിന് പുറമെ ബത്തേരി, പനമരം എന്നിവിടങ്ങളിലെ ബീവറേജസ് ഔട്ട്‍ലെറ്റുകളില്‍ ഷട്ടറുകളുടെ പൂട്ട് പൊട്ടിച്ച് അകത്ത് കയറി മോഷണം നടത്തിയതും താന്‍ ആണെന്ന് ഹരീഷ് സമ്മതിച്ചതായി പോലീസ് അറിയിച്ചു.
2025 ജനുവരി 29നും 30നും ഇടയിലാണ് മീനങ്ങാടിയിലെ സ്‌കൈ ജ്വല്ലറിയില്‍ മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി ഷെല്‍ഫിലെ ഡിസ്പ്ലേയിലും ബോക്സുകളിലുമായി സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയോളം വില വരുന്ന വെള്ളിയാഭരണങ്ങളാണ് കവര്‍ന്നത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണം ആരംഭിച്ച പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സമാന സ്വഭാവമുള്ള മൂന്ന് കേസുകളില്‍ പ്രതി താനാണെന്ന് ഹരീഷ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. എസ്.ഐ അബ്ദുള്‍ റസാഖ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രവീണ്‍, സിവില്‍ പോലീസ് ഓഫീസര്‍ പി.ഒ അഫ്സല്‍, ഡ്രൈവര്‍ ചന്ദ്രന്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
content highlight : tried-to-escape-when-sensed-the-presence-of-police-from-another-state-and-ran-with-help-of-villagers