തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പടിക്കൽ ആശ പ്രവർത്തകർ സമരം തുടരുന്നതിനിടെ നാഷണൽ ഹെൽത്ത് മിഷൻ, ഹെൽത്ത് വോളണ്ടിയർമാരെ തേടുന്നു. പുതിയ വോളണ്ടിയർമാരെ കണ്ടെത്തി പരിശീലനം നൽകാനായി മാർഗനിർദേശം പുറത്തിറക്കി. ഓരോ ജില്ലകളിലും പ്രത്യേക ക്യാമ്പുകൾ നടത്തി വോളണ്ടിയർമാരെ കണ്ടെത്താനാണ് തീരുമാനം. ഇതിനായി എൻഎച്ച്‌എം 11.70 ലക്ഷം രൂപ വകയിരുത്തി. എല്ലാ ജില്ലകളിലും രണ്ടു ദിവസം വീതം പുതിയ വോളണ്ടിയർമാർക്ക് പരിശീലനം നൽകും. ആശ പ്രവർത്തകർ സമരം തുടർന്നാൽ സന്നദ്ധ പ്രവർത്തകരെ കണ്ടെത്തണമെന്ന് കഴിഞ്ഞ ദിവസം എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ സർക്കുലർ ഇറക്കിയിരുന്നു.
വേതന വര്‍ധന ആവശ്യപ്പെട്ടുള്ള ആശമാരുടെ രാപ്പകൽ സമരം 19 ദിവസമാണ് പിന്നിടുന്നത്. ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഉള്‍പ്പടെ ഇന്ന് സമരക്കാർക്ക് പിന്തുണയുമായി സമരപ്പന്തലിലെത്തി. അതേസമയം തിരുവനന്തപുരം ഏജീസ് ഓഫീസിന് മുന്നില്‍ സിഐടിയുവിൻ്റെ നേതൃത്വത്തിൽ ആശ വര്‍ക്കര്‍മാര്‍ ബദല്‍ സമരം നടത്തി. ഇതിൽ സമരക്കാർ സംസ്ഥാന സർക്കാറിന് പുകഴ്ത്തി. കേന്ദ്ര സർക്കാരിനെ വിമർശിച്ചുള്ള മുദ്രാവാക്യവും മുഴക്കി.
ആശാവര്‍ക്കര്‍മാരുടെ സമരത്തെ അധിക്ഷേപിച്ച് വീണ്ടും സിഐടിയു നേതാക്കള്‍ ഇന്ന് രംഗത്ത് വന്നു. സാംക്രമിക രോഗം പരത്തുന്ന കീടമാണ് സമര സമിതി നേതാവ് എസ് മിനിയെന്ന് സിഐടിയു സ്ഥാന വൈസ് പ്രസിഡന്‍റ് പി.ബി ഹര്‍ഷകുമാര്‍ ആക്ഷേപിച്ചു. വിമര്‍ശിക്കാന്‍ മോശം പദ പ്രയോഗങ്ങള്‍ നടത്തേണ്ടതില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പ്രതികരണം. സിഐടിയുക്കാര്‍ 52 വെട്ട് വെട്ടാത്തത് ഭാഗ്യമെന്നായിരുന്നു മിനിയുടെ മറുപടി.
content highlight :asha-worker-protest-nhm-decides-to-find-health-volunteers-will-give-them-training