ആലപ്പുഴ: വേനൽ ചൂടിൽ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം നേരിടാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (കെഎസ്ഇബി) ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. പുതുതായി നിർമ്മിച്ച കെഎസ്ഇബി അമ്പലപ്പുഴ സെക്ഷൻ ഓഫീസിന്‍റെയും സബ് ഡിവിഷൻ ഓഫീസിന്‍റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ പ്രതിദിന വൈദ്യുത ഉപഭോഗം 95 ദശലക്ഷം യൂണിറ്റാണ്. മാർച്ചിൽ ഇത് 100 ദശലക്ഷം യൂണിറ്റിൽ എത്താൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
വേനൽ ചൂടിന്‍റെ സമയത്ത് കൈമാറ്റ ക്കരാർ വഴി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. പഞ്ചാബുമായും യുപിയുമായും കരാറിന് ധാരണയായിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചതിനു ശേഷമായിരിക്കും തുടർനടപടി. സംസ്ഥാനത്തിന് വൈദ്യുതി അധികമായി ആവശ്യമുള്ള മാർച്ച് മുതൽ മെയ് വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കുന്നതിനും ഉപഭോഗം കുറവുള്ള ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ ഇത് തിരികെ നൽകാനുമാണ് ഉദ്ദേശിക്കുന്നത്. ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ് എന്നിവടങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കാനും ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷത വഹിച്ചു. സാധാരണകാർക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി എത്തിക്കുവാൻ കെ എസ് ഇ ബിക്ക് സാധിക്കുന്നത് അവരുടെ ഫലപ്രദമായ മാനേജ്മെൻ്റ് സംവിധാനം കൊണ്ടാണെന്ന് എംഎൽഎ പറഞ്ഞു. കാലോചിതമായി കൂടുതൽ മെച്ചപ്പെട്ടതും ഗുണമേൻമയുള്ളതുമായ വൈദ്യുതി ജനങ്ങൾക്കായി നൽകാൻ വിവിധങ്ങളായ പദ്ധതികളാണ് കെ എസ് ഇ ബി സംസ്ഥാനത്ത് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ഇ.ബി ലിമിറ്റഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ സ്മിത മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ രാകേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ശോഭ ബാലൻ, എസ് ഹാരിസ്, പുറക്കാട് വൈസ് പ്രസിഡൻ്റ് വി എസ് മായാദേവി, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തംഗം കെ മനോജ് കുമാർ, ട്രാൻസിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ജി ശ്രീകുമാർ, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഇൻ ചാർജ് റജികുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഇരു നിലകളിലായി 2300 ചതുരശ്രയടിയിൽ അമ്പലപ്പുഴ കച്ചേരി മുക്കിന് സമീപമാണ് ഓഫീസ് നിർമിച്ചത്. ദേശീയപാതക്ക് സ്ഥലം വിട്ടുനൽകിയതോടെ അസൗകര്യങ്ങൾ വർധിച്ചതും കാലപ്പഴക്കമേറിയതുമായ കെട്ടിടം പൊളിച്ചുനീക്കിയാണ് പുതിയത് നിർമിച്ചത്. താഴത്തെ നിലയിൽ 1200 ചതുരശ്രയടിയിൽ സൂപ്രണ്ട് ഓഫീസ്, അസിസ്റ്റൻ്റ് എഞ്ചിനീയർ, സബ് എഞ്ചിനീയർ ഓഫീസുകൾ, സ്റ്റോർ, റെക്കോർഡ് മുറികൾ, ക്യാഷ് കൗണ്ടർ, അന്വേഷണ കൗണ്ടർ, ശുചിമുറി എന്നിവയും മുകളിലെ 1100 ചതുരശ്രയടിയിൽ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസ്, ജീവനക്കാർക്കുള്ള വിശ്രമമുറി എന്നിവയുമാണുള്ളത്. 68 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൻ്റെ വിവിധ വാർഡുകൾ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത്, പുറക്കാട് പഞ്ചായത്തിൻ്റെ തെക്കേ അറ്റമായ തോട്ടപ്പള്ളി എന്നിവിടങ്ങളിലെ 24000 ത്തിലധികം ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാകുന്നതിന് പുതിയ ഓഫീസിൻ്റെ പ്രവർത്തനം സഹായകരമാകും.
content highlight : kerala-to-buy-power-from-north-indian-states-be-prepared-as-the-summer-heat-rises