തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. കരട് ബില്ലിന് രണ്ടാഴ്ച മുൻപു മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. സിപിഐ ഉൾപ്പെട്ട മന്ത്രിസഭയാണ് അംഗീകാരം നൽകിയതെങ്കിലും സിപിഐയുടെ വിദ്യാർഥി– യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്. ബിൽ അവതരിപ്പിക്കുന്ന ദിവസം എഐഎസ്എഫ് നിയമസഭാ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ബിൽ സിലക്ട് കമ്മിറ്റിക്കു വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സബ്ജക്ട് കമ്മിറ്റിക്കു വിടാനാണു സാധ്യത.
ബില്ലിലെ സംവരണ വ്യവസ്ഥയുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങൾ രൂപീകരിക്കുന്നതു നിയമസഭയിൽ ചർച്ചയാകും. കരട് ബില്ലിൽ ഓരോ കോഴ്സിലും 40% സീറ്റുകൾ സംസ്ഥാനത്തെ വിദ്യാർഥികൾക്കു സംവരണം ചെയ്യുമെന്നും അതിൽ സംസ്ഥാനത്തെ സർവകലാശാലകളിലെ സംവരണ തത്വം ബാധകമാകുമെന്നുമാണ് പറഞ്ഞിരുന്നത്. എന്നാൽ സംവരണം സംബന്ധിച്ചു വ്യത്യസ്ത മാനദണ്ഡങ്ങളാണു പ്രഫഷനൽ കോഴ്സുകൾക്കും സർവകലാശാല കോഴ്സുകൾക്കുമുള്ളത്.
സ്വകാര്യ സർവകലാശാലകൾ മൾട്ടി ഡിസിപ്ലിനറിയാണെന്നതിനാൽ മെഡിക്കൽ, ലോ, ആർട്സ് ആൻഡ് സയൻസ് കോഴ്സുകളെല്ലാം ഒരേ ക്യാംപസിലുണ്ടാകും. അതിനാൽ, ഒരേ സംവരണ ചട്ടം പ്രായോഗികമല്ലെന്ന വിമർശനം ഉയർന്നതോടെയാണു വിവിധ പ്രോഗ്രാമുകൾക്കു വെവ്വേറെ സംവരണ ചട്ടം നടപ്പാക്കാൻ ആലോചിക്കുന്നത്. കാബിനറ്റ് തീരുമാനം വഴി ഇതിനുള്ള പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കാൻ കഴിയും.