തിരുവനന്തപുരം: കടബാധ്യത മൂലം വെഞ്ഞാറമൂട്ടിൽ കൂട്ടക്കൊലപാതകം നടത്തിയ അഫാൻ ആദ്യം ആലോചിച്ചത് കുടുംബാംഗങ്ങൾക്കൊപ്പം കൂട്ട ആത്മഹത്യ ചെയ്യാനാണെന്നത് സ്ഥിരീകരിച്ച് പൊലീസ്. ആത്മഹത്യാ ശ്രമം വിജയിക്കാൻ സാധ്യതയില്ലെന്നു കരുതിയാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ പൊലീസിനു മൊഴി നൽകി. അഫാന്റെ ആക്രമണത്തിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റു സ്വകാര്യ മെഡിക്കൽ കോളജിൽ കഴിയുന്ന അമ്മ ഷെമിയെ കൂട്ടക്കൊലപാതകം സംബന്ധിച്ച വിവരം അറിയിച്ചിട്ടില്ല. അഫാൻ കുറ്റം സമ്മതിച്ചു കീഴടങ്ങിയതും പറഞ്ഞിട്ടില്ല.
തനിക്കു മാത്രമാണു പരുക്കേറ്റതെന്ന ചിന്തയിൽ കഴിയുന്ന അവർ, അഫാനാണ് ആക്രമിച്ചതെന്നും സമ്മതിച്ചിട്ടില്ല. കട്ടിലിൽ നിന്നെഴുന്നേറ്റപ്പോൾ തലകറങ്ങി താഴെ വീണുണ്ടായ പരുക്കാണെന്നാണു ഷെമി പറയുന്നത്. ഷെമിയുടെ മൊഴി രേഖപ്പെടുത്താൻ ഇന്നലെ രാത്രി മജിസ്ട്രേട്ട് ആശുപത്രിയിലെത്തി. കടം നൽകിയവർ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും തലേന്നും ചിലർ ഫോണിൽ വിളിച്ചിരുന്നുവെന്നും അഫാൻ വെളിപ്പെടുത്തിയതായി റൂറൽ എസ്പി: കെ.എസ്.സുദർശൻ പറഞ്ഞു. ഇതാകാം പ്രകോപനമെന്നാണു പൊലീസിന്റെ നിഗമനം. അഫാനെ ഫോണിൽ വിളിച്ചവരുടെ പട്ടിക ശേഖരിച്ചിട്ടുണ്ട്. ഇവരെയും ചോദ്യംചെയ്യും.
എലിവിഷം കഴിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച അഫാനെ അവിടെയുള്ള പൊലീസ് സെല്ലിലേക്കു മാറ്റി. മുത്തശ്ശി സൽമാബീവിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണിത്. മറ്റു കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തും. അഫാന്റെ ആരോഗ്യനില തൃപ്തികരമാണ്. ഒരു മാസം മുൻപ് ഒരുതവണ ഉപയോഗിച്ചതൊഴിച്ചാൽ ഇയാൾ പതിവായി രാസലഹരി ഉപയോഗിച്ചതിനു തെളിവു ലഭിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു.