തിരുവനന്തപുരം: വേനൽമഴ കിട്ടിയാലും സംസ്ഥാനത്ത് ചൂടിനു ശമനമുണ്ടാകില്ല. ചൂടുകാലത്തെ ശാരീരിക അസ്വാസ്ഥ്യങ്ങൾ വർധിക്കാൻ മഴ കാരണമായേക്കും. ഉയർന്ന താപനിലയ്ക്കിടെ അന്തരീക്ഷത്തിലെ ഈർപ്പം പെട്ടെന്നു കൂടുന്നതു ചൂട് തീവ്രമാക്കും. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാമെന്നാണു കാലാവസ്ഥാ പ്രവചനം. ചില സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നേരിയ മഴ ലഭിച്ചു. മാർച്ച് പകുതിക്കു ശേഷം സൂര്യൻ ഉത്തരാർധഗോളത്തിലേക്കു പ്രവേശിക്കുന്നതോടെ അൾട്രാവയലറ്റ് രശ്മികൾ മനുഷ്യശരീരത്തിൽ നേരിട്ട് ഏൽക്കുന്നതു കൂടും.
ചർമരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഇതു വഴിവയ്ക്കും. പല ജില്ലകളിലും ഇപ്പോൾത്തന്നെ പകൽ താപനില 37 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്. മുൻ വർഷങ്ങളിലേതു പോലെ കണ്ണൂർ വിമാനത്താവള പരിസരത്ത് ഇത്തവണയും താപനില 40 ഡിഗ്രി സെൽഷ്യസിനടുത്താണ്. ഇന്നലെ 39.8 ഡിഗ്രി രേഖപ്പെടുത്തി. കോട്ടയത്ത് 38.6 ഡിഗ്രി, കൊച്ചിയിൽ 37.6 ഡിഗ്രി എന്നിങ്ങനെയാണു പകൽ താപനില. കഴിഞ്ഞ വർഷം ഒക്ടോബറിനു ശേഷവും കേരളത്തിൽ ചൂട് കൂടിയിരുന്നു. 10 വർഷത്തിലേറെയായി ഇവിടെ ചൂട് കൂടുന്ന സ്ഥിതിയാണ്. രാത്രി താപനിലയിലെ വർധനയും ജനജീവിതത്തെ അസ്വസ്ഥമാക്കുന്നുണ്ടെന്നു കാലാവസ്ഥാ വകുപ്പിന്റെ പഠനം വ്യക്തമാക്കുന്നു.