ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കിയും തമ്മിൽ രൂക്ഷ വാഗ്വാദം. യുക്രൈന്‍- റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് ഇരുവരുടെയും തർക്കം. വാഗ്വാദത്തിന് പിന്നാലെ ധാതു കരാറിൽ ഒപ്പുവെക്കാതെ സെലൻസ്കി വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിപ്പോയി. ഇരുവരും നടത്താനിരുന്ന സംയുക്ത വാര്‍ത്താ സമ്മേളനവും റദ്ദാക്കി.
റഷ്യന്‍ യുദ്ധവുമായി ബന്ധപ്പെട്ടും, ധാതു കരാർ ഉൾപ്പെടെയുള്ള കാര്യങ്ങളിലും ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഇരുവരുടെയും വാഗ്വാദം. റഷ്യയുമായുള്ള സമാധാന കരാരിൽ അമേരിക്ക നിർദേശിക്കുന്ന ഏത് നിബന്ധനയും അനുസരിക്കണമെന്ന നീക്കമാണ് സെലൻസ്കിയെ ചൊടിപ്പിച്ചത്. റഷ്യയുമായുള്ള യുദ്ധത്തിൽ അമേരിക്ക നൽകിയ പിന്തുണയ്ക്ക് നന്ദി വേണമെന്ന് ട്രംപ്, സെലൻസ്കിയോട് രൂക്ഷമായി പറഞ്ഞു. സെലൻസ്കി മൂന്നാം ലോക മഹായുദ്ധത്തിന് ശ്രമിക്കുകയാണോ എന്നും ട്രംപ് ചോദിച്ചു.
പുടിനുമായി വിട്ടുവീഴ്ച പാടില്ലെന്നും അമേരിക്ക ബാധ്യത നിറവേറ്റാൻ തയ്യാറാകണമെന്നും സെലൻസ്കി തിരിച്ചടിച്ചു. ഇങ്ങനെ ഇരുവരും തമ്മിൽ രൂക്ഷമായ വാഗ്വാദമാണ് ഉണ്ടായത്. വേണ്ടി വന്നാൽ യുക്രൈനെ കൈ ഒഴിയുമെന്നും ട്രംപും വൈസ് പ്രസിഡന്‍റ് വാൻസും മുന്നറിയിപ്പ് നൽകി. തർക്കത്തിന് പിന്നാലെ സെലൻസ്കി, വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിപ്പോയി. ട്രംപ് ഏറെ താൽപ്പര്യപ്പെട്ട യുക്രൈനിലെ ധാതുസമ്പത്ത് കൈമാറൽ കരാറിൽ ഒപ്പിടാതെയാണ് സെലൻസ്കി മടങ്ങിയത്.
പിന്നാലെ ട്രംപും സെലൻസ്കിയും നടത്താനിരുന്ന സംയുക്ത വാർത്ത സമ്മേളനവും റദ്ദാക്കി. സമാധാനത്തിന് തയ്യാറാവുകയാണെങ്കിൽ സെലൻസ്കിക്ക് തിരിച്ചുവരാമെന്ന് ട്രംപ് പിന്നീട് പ്രതികരിച്ചു. യുക്രൈന്, വേണ്ടത് സമാധാനമാണെന്നും തങ്ങളുടെ ശ്രമം അതിനുവേണ്ടിയാണെന്നും സെലൻസ്കി പറഞ്ഞു. ട്രംപിന്റെ പേരെടുത്ത് പറയാതെ അമേരിക്കയുടെ പിന്തുണയ്ക്ക് നന്ദിയെന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം.