Tech

പ്രമുഖ വീഡിയോ കാളിംഗ് ആപ്പായ സ്‌കൈപ്പ് സേവനം അവസാനിപ്പിക്കുന്നു | Skype video calling

2003ലാണ് സ്കൈപ്പ് ലോഞ്ച് ചെയ്തത്

ഒരു കാലത്ത് വീഡിയോ കാളിംഗ് എന്ന് പറയുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ഓടിയെത്തിയിരുന്ന സ്‌കൈപ്പ് വിടവാങ്ങാൻ ഒരുങ്ങുന്നു. നീണ്ട 22 വർഷത്തെ സേവനത്തിന് ശേഷമാണ് വീഡിയോ കോണ്‍ഫറന്‍സ് പ്ലാറ്റ്‌ഫോമായ സ്കൈപ്പ് മൈക്രോസോഫ്റ്റ് അടച്ചുപൂട്ടുന്നത്. മറ്റ് ആപ്പുകൾ വിപണി പിടിച്ചതോടെ പ്രചാരണം കുറഞ്ഞത് തന്നെയാണ് പ്രവർത്തനം അവസാനിപ്പിക്കാനുള്ള കാരണമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം മെയ് അഞ്ചിന് വരെ മാത്രമായിരിക്കും സ്കൈപ്പ് പ്രവർത്തിക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ലോകത്തിലെ ആദ്യ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങളിലൊന്നാണ് സ്കൈപ്പ്. 2003ലാണ് സ്കൈപ്പ് ലോഞ്ച് ചെയ്തത്. നിക്ലാസ് സെൻസ്ലോം, ജാനസ് ഫ്രീസ് എന്നീ വ്യവസായ സംരംഭകരായിരുന്നു ഈ വീഡിയോടെലിഫോണി പ്ലാറ്റ്‌ഫോമിന്‍റെ ശില്‍പികള്‍.

2011 ലാണ് സ്കൈപ്പ് അമേരിക്കന്‍ ടെക് ഭീമനായ മൈക്രോസോഫ്റ്റ് 8.5 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തത്. വിന്‍ഡോസ് ലൈവ് മെസഞ്ചറിന് പകരക്കാരന്‍ എന്ന നിലയ്ക്കായിരുന്നു ഈ ഏറ്റെടുക്കല്‍. ഇതോടെ ലോകമാകെ വലിയ ഖ്യാതിയും സ്കൈപ്പ് നേടി. പിന്നീട് 2017ൽ മൈക്രോസോഫ്റ്റ് ടീംസ് സ്കൈപ്പിന് ബദലായി ഉപയോഗിക്കാൻ തുടങ്ങിയതോടെ ഇതിന്റെ പ്രചാരമിടിഞ്ഞു. സ്കൈപ്പ് നൽകുന്ന സേവനത്തേക്കാൾ കൂടുതൽ സേവനങ്ങൾ മൈക്രോസോഫ്റ്റ് ടീംസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

“ഉപഭോക്തൃ ആവശ്യങ്ങളുമായി കൂടുതൽ എളുപ്പത്തിൽ പൊരുത്തപ്പെടാൻ കഴിയുന്ന തരത്തിൽ ഞങ്ങളുടെ സൗജന്യ ഉപഭോക്തൃ ആശയവിനിമയ ഓഫറുകൾ കാര്യക്ഷമമാക്കുന്നതിന്, മൈക്രോസോഫ്റ്റ് ടീംസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഞങ്ങൾ 2025 മെയ് മാസത്തിൽ സ്കൈപ്പ് പിൻവലിക്കും” – മൈക്രോസോഫ്റ്റ് ഔദ്യോഗിക ബ്ലോഗിൽ വ്യക്തമാക്കുന്നു. നിലവിലുള്ള സ്കൈപ്പ് ഉപയോക്താക്കൾ അവരുടെ ഡാറ്റ ‘ടീംസ്’ പ്ലാറ്റ്‌ഫോമിലേക്ക് മൈഗ്രേറ്റ് ചെയ്യുകയോ മാറ്റുകയോ ചെയ്യണമെന്നും കമ്പനി ആവശ്യപ്പെടുന്നുണ്ട്.

വാട്സാപ്പും ഇൻസ്റ്റഗ്രാമും അടക്കമുള്ള സമൂഹമാധ്യമങ്ങളുടെ പ്രചരണം ശക്തമാവുകയും ഇവയിൽ വീഡിയോ കാൾ ഓപ്ഷൻ വരുകയും ചെയ്തതോടെയും സുഹൃത്തുക്കളും കുടുംബവുമായുള്ള വിഡിയോ കോളുകൾക്കും മറ്റും ഏറെയും ഇത്തരം ആപ്പുകൾ ആളുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെയും മൺമറഞ്ഞു പോയ ആദ്യകാല ആപ്പുകളുടെ കൂട്ടത്തിലേക്ക് പതിയെ സ്കൈപ്പും ചുവടു വയ്ക്കുകയായിരുന്നു.