വളരെ എളുപ്പത്തിൽ രുചികരമായി ഒരു വെജിറ്റബിള്‍ പുലാവ് ഉണ്ടാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ റെസിപ്പി.
ആവശ്യമായ ചേരുവകള്‍
- ബസ്മതി അരി – 2 കപ്പ്
- സവാള – 1 എണ്ണം
- പച്ചമുളക് – 2 എണ്ണം
- കാരറ്റ് – 1 എണ്ണം
- ബീന്‍സ് – 15 എണ്ണം
- ഗ്രീന്‍ പീസ് – 1/2 കപ്പ്
- വഴനയില – 2 എണ്ണം
- കറുവാപ്പട്ട – 3-4 ചെറിയ കഷണം
- ഗ്രാമ്പൂ – 6 എണ്ണം
- ഏലക്ക – 6 എണ്ണം
- ഇഞ്ചി അരച്ചത് – 1 ടീസ്പൂണ്‍
- വെളുത്തുള്ളി അരച്ചത് – 1 ടീസ്പൂണ്‍
- നെയ്യ് – 2 ടേബിള്‍സ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- മല്ലിയില – കുറച്ച്
- ചൂടുവെളളം – 4 കപ്പ്
- നാരങ്ങാനീര് – 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
കാരറ്റും ബീന്‍സും സവാളയും ചെറുതാക്കി അരിഞ്ഞെടുക്കണം. പച്ചമുളക് കീറി എടുക്കാം. ഫ്രൈയിങ് പാന്‍ സ്റ്റൗവില്‍ വച്ച് ചൂടാകുമ്പോള്‍ നെയ്യ് ചേര്‍ത്ത്, വഴനയില, ഗ്രാമ്പൂ, കറുവാപ്പട്ട, ഏലക്ക എന്നിവ ചേര്‍ത്തു വഴറ്റുക. ശേഷം സവാളയും പച്ചമുളകും ചേര്‍ത്തു വഴന്നു വരുമ്പോള്‍, ഇഞ്ചി അരച്ചതും വെളുത്തുള്ളി അരച്ചതും ചേര്‍ത്തു വഴറ്റുക.
അടുത്തതായി കാരറ്റും ബീന്‍സും ചേര്‍ത്തു വഴറ്റിയതിനുശേഷം ബസ്മതി റൈസ് ചേര്‍ത്തു വഴറ്റി, ഗ്രീന്‍ പീസ് ചേര്‍ത്തു യോജിപ്പിക്കാം. ചൂടുവെളളവും ഉപ്പും ചേര്‍ത്തിളക്കി ചെറിയ തീയില്‍ അടച്ചു വച്ച് വേവിച്ചെടുക്കണം. അരി വേവുമ്പോള്‍ പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാന്‍ വേവിക്കുന്ന സമയത്ത് നാരങ്ങാനീര് ചേര്‍ത്തു കൊടുക്കാം. സ്റ്റൗ ഓഫ് ചെയ്തതിനുശേഷം മല്ലിയില ചേര്‍ത്തു അടച്ച് വച്ചതിനുശേഷം വിളമ്പാം.