സെന്റ് തെരേസാസ് കോളേജും, ലിവര്‍ ഫൌണ്ടേഷന്‍ ഓഫ് കേരളയുടെ ‘ആത്മതാളം’ പദ്ധതിയും ചേര്‍ന്ന് റോട്ടറി ക്ലബ് ഓഫ് പാലാരിവട്ടത്തിന്റെ പിന്തുണയോടെ മരണാനന്തര അവയവദാന പ്രതിജ്ഞാ ക്യാമ്പയിന്‍ എന്ന പ്രചാരണ പ്രവര്‍ത്തനത്തിന്റെ സമാപന ചടങ്ങ് സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈന്‍ വഴി ആശംസാ സന്ദേശം നല്‍കി. ചലച്ചിത്ര നടന്‍ രമേശ് പിഷാരടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സൗജന്യമായി ഭൂമിയിലേക്കു വന്ന നമുക്കു കിട്ടുന്നതെല്ലാം ലാഭമാണെന്നും, നന്മ ചെയ്യാന്‍ പറ്റുമെങ്കിലും പറ്റുന്നത്ര നന്മ ചെയ്യാത്തവരാണു നമ്മളെന്നും അദ്ദേഹം പറഞ്ഞു.
അവയവദാനം അവിശ്വസനീയ നന്മയാണെന്നും അതിനെക്കുറിച്ച് ഇനിയും ബോധവത്കരണം ആവശ്യമുണ്ടെന്നും, അവയവദാനത്തിലൂടെ നമുക്കും ജീവന്‍ നല്‍കാന്‍ സാധിക്കും എന്നും പറഞ്ഞുകൊണ്ട് പിഷാരടി അവയവദാന പ്രതിജ്ഞ എടുക്കുകയും പ്രതീകാത്മകമായി ഒപ്പുവയ്ക്കുകയും ചെയ്തു.
അമൃത ഹോസ്പിറ്റലിലെ ട്രാന്‍സ്പ്ലാന്റ് സര്‍ജനും കേരളത്തിലെ ആദ്യ ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജനുമായ ഡോ. എസ് സുധീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിച്ച ലിഫോക്കിന്റെ ‘ആത്മതാളം’ തീം സോങ് ചടങ്ങില്‍ പ്രകാശനം ചെയ്തു. എം.ജി യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ് പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. ഇ.എന്‍ ശിവദാസന്‍ യൂണിവേഴ്‌സിറ്റിയിലെ 192 എന്‍.എസ്.എസ് യൂണിറ്റുകളിലും അവയവദാന സന്ദേശം എത്തിക്കുമെന്ന് അറിയിച്ചു.
കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. അല്‍ഫോന്‍സ വിജയ ജോസഫ്, ലിഫോക്ക് സംസ്ഥാന സെക്രട്ടറി വിനു വി. നായര്‍, ലിഫോക്ക് സ്റ്റേറ്റ് ട്രഷറര്‍ ബാബുകുരുവിള, പാലാരിവട്ടം റോട്ടറി ക്ലബ് പ്രസിഡന്റ് ഉല്ലാസ് ജേക്കബ്, കെ-സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, ലിഫോക് പേട്രണ്‍ സത്യമൂര്‍ത്തി, റെവ. ഫാ. ലിജു രാജു താമരക്കുടി, ഡോ. മാത്യു ജേക്കബ്, ഡോ. ദിനേശ് ബാലകൃഷ്ണന്‍, ഡോ. ചാള്‍സ് പനയ്ക്കല്‍, ലിഫോക് ചെയര്‍മാന്‍ ശ്രീ രാജേഷ് കുമാര്‍, ശ്രീ മുഹമ്മദ് ബഷീര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ആത്മതാളത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ട് പരിപാടിയുടെ അവതാരക ആര്‍ദ്ര ബാലചന്ദ്രന്‍, ഡെക്കാന്‍ പൈന്റ്സ് ഉടമ ഋഷി ജോസഫ്, ഡോക്ടര്‍ ദിനേശ് ബാലകൃഷ്ണന്‍, രശ്മി ശ്രീധര്‍ തുടങ്ങിയവര്‍ on the spot റെജിസ്‌ട്രേഷന്‍ നടത്തുകയുണ്ടായി.
‘ബി ദ ചേഞ്ച്: ജീവന്റെ ദാനം പരത്തുക’ എന്ന പ്രതിജ്ഞ ലിഫോക് സ്റ്റേറ്റ് ട്രഷറര്‍ ശ്രീ. ബാബു കുരുവിള ചൊല്ലിക്കൊടുത്തു. ആത്മതാളം തീം സോങ്ങിന്റെ നൃത്താവിഷ്‌കാരം എന്‍. എസ്. എസ് വോളണ്ടിയേഴ്‌സ് അവതരിപ്പിച്ചു. സെന്റ് തെരേസാസ് കോളേജിന്റെ മുന്‍ ചെയര്‍പേഴ്‌സണ്‍ അന്തരിച്ച നികിത നയ്യാരുടെ മാതാപിതാക്കള്‍ നമിതയും ഡോണിയും അമേരിക്കയില്‍ നിന്ന് ഓണ്‍ലൈനില്‍ ചടങ്ങിന്റെ ഭാഗമായി. മരണാനന്തര അവയവദാനത്തെക്കുറിച്ച് കുപ്രചരണങ്ങള്‍ നടത്തുന്നവര്‍ സമൂഹത്തോടു മാപ്പു പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
എന്‍. എസ്. എസ് യൂണിറ്റ് 41ന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ ഉദ്യമം അവയവദാനത്തിന്റെ പ്രാധാന്യം സമൂഹത്തിന് മനസ്സിലാക്കിക്കൊടുക്കുകയും, അവയവങ്ങള്‍ ദാനം ചെയ്യാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ക്യാമ്പയിന്‍ ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരളയുടെ ‘ആത്മതാളം’ പദ്ധതിയുടെ ഭാഗമാണ്. റോട്ടറി ക്ലബ് ഓഫ് പാലാരിവട്ടം ക്യാമ്പയിനെ പിന്തുണയ്ക്കുന്നുണ്ട്. 2025 ജനുവരി 31-ന് ആരംഭിച്ച ഈ ക്യാമ്പയിന്‍ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും പൊതുജനങ്ങളെയും ദേശീയ അവയവദാന പ്ലാറ്റ്ഫോമായ NOTTO പോര്‍ട്ടല്‍ വഴി മരണാനന്തര അവയവ ദാന പ്രതിജ്ഞ ചെയ്യാന്‍ പ്രചോദിപ്പിച്ചു
CONTENT HIGH LIGHTS; Actor Ramesh Pisharati gives consent for posthumous organ donation: LIFOK’s Atmatalam project’s organ donation pledge campaign concludes