വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ തട്ടുകടയിൽ കിട്ടുന്ന അതെ സ്വാദിൽ മുട്ട ബജ്ജി തയ്യാറാക്കിയാലോ? റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- മുട്ട – 4 എണ്ണം
- സവാള – 2 എണ്ണം
- പച്ചമുളക് – 2 എണ്ണം
- വെളുത്തുള്ളി – 2 അല്ലി
- ഇഞ്ചി – ഒരു കഷ്ണം
- മഞ്ഞൾപ്പൊടി – ഒരു നുള്ള്
- ഗരം മസാല – ഒരു നുള്ള്
- മൈദ – 2 കപ്പ്
- എണ്ണ – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം മുട്ട പുഴുങ്ങി രണ്ടായി മുറിച്ചെടുക്കുക. ശേഷം ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടായ ശേഷം അരിഞ്ഞ് വെച്ചിരിക്കുന്ന സവാള ചേർത്ത് നന്നായി വഴറ്റുക. അതിന് ശേഷം അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. ശേഷം മഞ്ഞൾപ്പൊടി, ഗരം മസാല, ഉപ്പ് എന്നിവ ഇതിലേക്ക് ചേർത്ത് ഇളക്കുക. ഇവ നന്നായി വഴണ്ട് വന്നതിന് ശേഷം മാറ്റിവെച്ച മുട്ടയുടെ മഞ്ഞക്കുരു പൊടിച്ച് ഇതിലേക്ക് യോജിപ്പിച്ച് തണുക്കാൻ വയ്ക്കുക.
അതിന് ശേഷം മുട്ട മുക്കി പൊരിക്കാനുള്ള മൈദ മാവ് തയ്യാറാക്കുക. തയ്യാറാക്കി വെച്ച മസാല മുട്ടയുടെ മഞ്ഞക്കുരു രൂപത്തിൽ ഉരുട്ടി മുറിച്ചു വെച്ച മുട്ടയുടെ വെള്ളയിൽ വെച്ച് മാവിൽ മുക്കി പൊരിച്ചെടുക്കുക.