കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറിയും പുന്നാരം പറച്ചിലും കലശലായപ്പോള്‍ ഹൈക്കമാന്റും എ.ഐ.സി.സിയും നേതാക്കളെയെല്ലാം ഡെല്‍ഹിക്കു വിളിപ്പിച്ച് ഗുണദോഷിച്ചു. കേട്ടപാതി കേള്‍ക്കാത്ത പാതി കെ.പി.സി.സി അധ്യക്ഷന്‍ കെ, സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒന്നിച്ച് കൈ കോര്‍ത്ത്, ഒറ്റക്കെട്ടാണെന്ന് പ്രതികരിച്ചിരിക്കുകയാണ്. ഉള്ളില്‍ തുള്ളുന്ന കസേര കളിയുടെ ഈര്‍ഷ്യകളൊക്കെ മാറ്റിവെച്ചാണ് മൂവരും കൈ കൊടുത്തത്.
ഇങ്ങ് കേരളത്തില്‍ മൂന്നും മൂന്നു വഴിക്കായിരുന്നു പോക്കും, പ്രസ്താവനകളും പത്ര സമ്മേളനങ്ങളും. മൂന്നു പേരും പറയുന്നത്, ഒരേ വിഷയം തന്നെ. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഓരോ നേതാക്കളും മുഖ്യമന്ത്രി ആയി മാറിയ കാഴ്ചയാണ് കണാനായത്. അണികള്‍ക്കും സംശയം. ഇപ്പോള്‍ ഭരണത്തിലിരിക്കുന്നവര്‍ക്കും സംശയം, ആരാണ് യഥാര്‍ഥ നേതാവെന്ന്. ചെന്നിത്തലയ്ക്ക് സ്വാഭാവികമായും മുഖ്യമന്ത്രി ആകാനുള്ള സാധ്യതയുണ്ടെങ്കിലും മാറിയ രാഷ്ട്രീയ സാഹചര്യവും,
നേതൃത്വവും വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കാണുന്നുണ്ട്. എന്നാല്‍, തന്റെ മുകളില്‍ ഇനിയൊരാള്‍ ഇല്ലെന്നാണ് കെ. സുധാകരന്റെ മനോനില. മുഖ്യമന്ത്രി ആകാനൊന്നുമില്ലെങ്കതിലും (ഉള്ളില്‍ ആഗ്രഹമില്ലാതില്ല) താന്‍ പറയുന്ന ആളായിരിക്കും മുഖ്യമന്ത്രി ആകേണ്ടതെന്ന വാശി അദ്ദേഹത്തിനുണ്ട്. ഇതിനിടയിലാണ് ശശിതരൂരിന്റെ സ്ത്രാറ്റജിക്കല്‍ മൂവ്. അതിനെ കണ്ടെന്നും പിന്നെ കണ്ടില്ലെന്നും വരുത്തിയാണ് കോണ്‍ഗ്രസ് മുന്നോട്ടു പോകുന്നത്.
എന്നാല്‍, കെ.സി വേണുഗോപാലും, കൊടിക്കുന്നില്‍ സുരേഷുമൊക്കെ എന്തിനും തയ്യാറായി നില്‍പ്പുണ്ട്. ആവശ്യം വരുമ്പോള്‍ മാത്രം ചാടി വീഴാന്‍ തക്കം പാര്‍ത്തിരിക്കുന്നു എന്നു മാത്രം. കേരളത്തിലെ തമ്മില്‍പ്പോര് കലശലായപ്പോഴാണ് എ.ഐസി.സിയും ഹൈക്കമാന്റും കൂടെ നേതാക്കളെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചത്. ചെന്നപാടെ തമ്മിലടി നിര്‍ത്തിക്കോളമെന്ന ശാസനയും, മുന്നറിയിപ്പും കൈയ്യോടെ കൊടുത്തു. ഇതുവരെയും കിട്ടാത്ത ഒരു സ്ഥാനത്തിനു വേണ്ടി,
തെരഞ്ഞെടുപ്പില്‍ ജയിക്കുമോ എന്നുപോലും സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ എന്തിനാണീ കടപികൂട്ടമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ ചോദ്യം. എന്നാല്‍, കീഴ് വഴക്കങ്ങള്‍ പാലിക്കാതെ തരമില്ലല്ലോ. അതാണ് മുഖ്യമന്ത്രി കസേരയെ ലക്ഷ്യം വെച്ചുള്ള നേതാക്കളുടെ ഈ ചാട്ടം. ഇത് കാലങ്ങളായി തുടരുന്ന സംവിധാനം കൂടെയാണ്. അതിന് കുറവുണ്ടാകാന്‍ പാടില്ല. കൂടെനിന്ന് കുതുകാല്‍ വെട്ടല്‍, പിന്നില്‍ നിന്ന് കുത്തല്‍, വീണിടത്തിട്ട് ചവിട്ടല്‍, പുറത്താക്കല്‍, ആക്ഷേപിക്കല്‍,
കേസില്‍പ്പെടുത്തല്‍ അങ്ങനെ കലാപരിപാടികള്‍ രാഷ്ട്രീയത്തില്‍ പയറ്റുന്നത് കോണ്‍ഗ്രസ്സുകാര്‍ തന്നെയാണ്. ഇതിന്റെയൊന്നും ഘട്ടം എത്തിയിട്ടില്ല എന്നാണ് അനുമാനിക്കേണ്ടത്. ആ ഘട്ടത്തിലേക്ക് എത്തുമ്പോഴേക്കും മൂന്ന് എന്നത് മുപ്പത് നേതാക്കളായി മാറാതിരിക്കാനാണ് ഇന്നേ ഡെല്‍ഹിക്കു വിളിപ്പിച്ച് ഐക്യ സ്വരം ഉയര്‍ത്തുന്നത്. കെ.കരുണാകരന്റെ കാലത്തും ഇതേ ഐക്യപ്പെടുത്തല്‍ ഉണ്ടായിട്ടുണ്ട്. പരസ്യ പ്രസ്താവനകള്‍ നിര്‍ത്തണമെന്ന് തിട്ടൂരവും നല്‍കിയിട്ടുണ്ട്. അന്നൊക്കെ പക്ഷെ, കേരളത്തിന്റെ കാറ്റ് കോണ്‍ഗ്രസിന് അനുകൂലമായിരുന്നു.
എന്നാല്‍, ഇന്നതല്ല അവസ്ഥ. മൂന്നാം വട്ടവും ഭരണ തുടര്‍ച്ചയ്ക്കായി നില്‍ക്കുന്ന ഇടതുപക്ഷം അവരുടെ പ്രവര്‍ത്തന ശൈലിയിലെ പാകപ്പിഴകള്‍ കൊണ്ട് പിന്നോട്ടു പോകേണ്ടതാണ്. എന്നാല്‍, ഫലപ്രദമായ പ്രതിപക്ഷം ഇല്ലെന്നതു കൊണ്ട് വീണ്ടും ഇടതു തരംഗം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറഞ്ഞു കഴിഞ്ഞു. ആദ്യം 74 സീറ്റ് കിട്ടിയിട്ട് മുഖ്യമന്ത്രിയെ കുറിച്ച് ആലോചിക്കാമെന്നു പറഞ്ഞത്, മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്.
ഭരണതുടര്‍ച്ചയാണ് കാണുന്നതെന്ന് പറഞ്ഞത് മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും. പുറത്തു പറയാതെ വിങ്ങിപ്പൊട്ടി നില്‍ക്കുന്ന എത്രയോ നേതാക്കളുണ്ട് കോണ്‍ഗ്രസ്സില്‍. അതിനേക്കാള്‍ ഭീകരമാണ് മുന്നണിയില്‍. യു.ഡി.എഫില്‍ നിന്നും കേള്‍ക്കുന്നത് അത്ര ശുഭ സൂചനകളല്ല. മുസ്ലീം ലീഗും മറ്റു ഘടകകക്ഷികളും എന്തു ചെയ്യണണെന്നറിയാതെ നില്‍ക്കുന്ന അവസ്ഥയിലാണ്. കെ.പി.സി.സി അധ്യക്ഷനെ മാറ്റണമെന്ന പരോക്ഷമായ ആക്രമണത്തെ ചെറുക്കാന്‍ കെ. സുധാകരന്‍ പരസ്യമായാണ് പ്രതികരിച്ചത്.
ഇത് കോണ്‍ഗ്രസിനുള്ളിലെ പലരെയും ഉദ്ദേശിച്ചായ.ിരുന്നു. പ്രത്യേകിച്ച് വി.ഡി. സതീശനാണ് ഇതിനു പിന്നിലെന്ന ധ്വനിയുണ്ട്. പരസ്പരം പാര്‍ട്ടിയില്‍ വലുതാര് ചെറുതാര് എന്ന തര്‍ക്കം ഇപ്പോഴും നടക്കുന്നുണ്ട്. ഇതിനിടയിലാണ് ശശിതരൂരിന്റെ മുഖ്യമന്ത്രി ചൂണ്ട വന്നു പതിച്ചത്. എല്ലാത്തിനും മറുപടിയായി കേന്ദ്ര നേതൃത്വം നിശബ്ദരാകാന്‍ പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഇനിയുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരെന്ന് കേന്ദ്രം തീരുമാനിക്കുന്നതോടെ തെളിയുന്നത് ആരുടെ തലവരയാണെന്ന് മാത്രം അറിഞ്ഞാല്‍ മതി.