Sports

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണും; സാധ്യത ടീം ഇങ്ങനെ | Asia Cup Indian team

വളരെ തിരക്കുള്ള മത്സരക്രമമാണ് 2025 ൽ ഇന്ത്യയുടേത്

നിലവിൽ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ കളിച്ചുകൊണ്ടിരിക്കുകയാണ് ടീം ഇന്ത്യ. ടൂർണമെന്റിലെ ഫേവറിറ്റുകളിൽ ഒന്നായ അവർ സെമിഫൈനൽ യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. വളരെ തിരക്കുള്ള മത്സരക്രമമാണ് 2025 ൽ ഇന്ത്യയുടേത്. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഈ വർഷം ഇന്ത്യക്ക് മുന്നിലുള്ള മറ്റൊരു പ്രധാന ടൂർണമെന്റ് ഏഷ്യാ കപ്പാണ്.

ഏഷ്യൻ ഭൂഖണ്ഡത്തിലെ ക്രിക്കറ്റ് രാജാക്കന്മാർ ആരെന്ന് തീരുമാനിക്കപ്പെടുന്ന ഏഷ്യാ കപ്പ് ഇത്തവണ സെപ്റ്റംബറിലാണ് നടക്കുക. എട്ട് ടീമുകളാകും ഈ വർഷത്തെ ഏഷ്യാ കപ്പിൽ മത്സരിക്കുകയെന്നാണ് ക്രിക്ബസ് പുറത്തുവിടുന്ന റിപ്പോർട്ട്. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, യുഎഇ, ഹോങ്കോങ്, നേപ്പാൾ എന്നീ ടീമുകളാവും ഇത്. ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാകും മത്സരങ്ങൾ. ഗ്രൂപ്പിൽ മുന്നിലെത്തുന്ന രണ്ട് ടീമുകൾ വീതം സൂപ്പർ ഫോറിലെത്തും. അവിടെ നിന്ന് രണ്ട് ടീമുകൾ ഫൈനലിലേക്ക് മുന്നേറും.

അതേ സമയം ടി20 ഫോർമാറ്റിലാണ് അടുത്ത ഏഷ്യാ കപ്പ് നടക്കാനിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. അതുകൊണ്ടു തന്നെ നിലവിൽ ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുന്ന പല താരങ്ങളും ഏഷ്യ കപ്പിൽ ഇന്ത്യൻ ടീമിനൊപ്പമുണ്ടാകില്ല‌‌. സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസിയിൽ ടി20 സ്പെഷ്യലിസ്റ്റുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ടീമിനെയാകും ഏഷ്യാ കപ്പിൽ ഇന്ത്യ അണിനിരത്തുക. നിലവിൽ ടി20 ടീമിന്റെ പ്രധാന ഓപ്പണറായ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും ഈ സ്ക്വാഡിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോൾ പരിക്കിന്റെ പിടിയിലുള്ള സ്റ്റാർ പേസർ ജസ്പ്രിത് ബുംറയും ടീമിലേക്ക് തിരികെയെത്തിയേക്കും. ഈ വർഷത്തെ ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ സാധ്യത സ്ക്വാഡ് എങ്ങനെയായിരിക്കുമെന്ന് നോക്കാം.

മലയാളി താരം സഞ്ജു സാംസൺ ടീമിലുണ്ടാകുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. അഭിഷേക് ശർമയാകും മറ്റൊരു ഓപ്പണർ. കഴിഞ്ഞ കുറച്ച് നാളുകളായി ടി20 ക്രിക്കറ്റിൽ ഇന്ത്യയുടെ ബാറ്റിങ് ഓപ്പൺ ചെയ്യുന്നത് ഈ രണ്ടുപേരും ചേർന്നാണ്. യുവ താരം യശസ്വി ജയ്സ്വാളും ടീമിൽ ഇടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്. സൂര്യകുമാർ യാദവ് തന്നെയാകും ടീമിന്റെ ക്യാപ്റ്റൻ. സ്പെഷ്യലിസ്റ്റ് ബാറ്റർമാരായി റിങ്കു സിങ്ങും തിലക് വർമയും ടീമിൽ ഉൾപ്പെട്ടേക്കും. രാജസ്ഥാൻ റോയൽസ് താരം ധ്രുവ് ജൂറലാകും ടീമിന്റെ ബാക്കപ്പ് വിക്കറ്റ് കീപ്പർ‌. സീനിയർ താരം ഹാർദിക് പാണ്ഡ്യയാകും ടീമിന്റെ പ്രധാന ഓൾ റൗണ്ടർ. ശിവം ദുബെക്കും ഒപ്പം വിളി വരാൻ സാധ്യതയുണ്ട്. സ്പിൻ ബൗളിങ് ഓൾ റൗണ്ടർമാരായി അക്സർ പട്ടേലും, വാഷിങ്ടൺ സുന്ദറുമാകും ഏഷ്യാ കപ്പ് സ്ക്വാഡിൽ ഉൾപ്പെടുക.

വലം കൈയ്യൻ പേസർ ജസ്പ്രിത് ബുംറ ഏഷ്യാ കപ്പിൽ കളിക്കുമെന്നാണ് കരുതപ്പെടുന്നത്. ഫിറ്റ്നസ് പ്രശ്നങ്ങളെത്തുടർന്ന് ഐസിസി ചാമ്പ്യൻസ് ട്രോഫി നഷ്ടമായ ബുംറ ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്താനിരിക്കുകയാണ്. ബുംറക്ക് പുറമെ അർഷ്ദീപ് സിങ്ങാകും പേസ് നിരയിൽ ഉൾപ്പെടുക. സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായി വരുൺ ചക്രവർത്തി, രവി ബിഷ്ണോയ് എന്നിവരും സ്ക്വാഡിലുണ്ടാകുമെന്ന് കരുതപ്പെടുന്നു. ഇന്ത്യയുടെ ഏഷ്യാകപ്പ് സാധ്യത സ്ക്വാഡ്: സഞ്ജു സാംസൺ ( വിക്കറ്റ് കീപ്പർ ), അഭിഷേക് ശർമ, യശസ്വി ജയ്സ്വാൾ, സൂര്യകുമാർ യാദവ്, തിലക് വർമ, റിങ്കു സിങ്, ധ്രുവ് ജൂറൽ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രിത് ബുംറ, അർഷ്ദീപ് സിങ്.

content highlight: Asia Cup Indian team