ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്, വിവിധ വകുപ്പുകള്‍ നടത്തിയ മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥതല അവലോകന യോഗം ചേര്‍ന്നു. എല്ലാ വകുപ്പുകളും യോജിച്ച് സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ.വി പറഞ്ഞു. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര പരിസരങ്ങളിലും പ്രധാന വഴികളിലും പൊലീസിന്റെ നേതൃത്വത്തില്‍ 179 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. രണ്ട് നിരീക്ഷണ ടവറുകളും ആറ് ഡ്രോണുകളും സ്ഥാപിക്കുന്നുണ്ട്. ക്ഷേത്രപരിസരത്ത് പൊലീസിന്റെ പ്രധാന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഇതിന് പുറമേ അഡീഷണല്‍ കണ്‍ട്രോള്‍ റൂമുകളും വനിതാ ഹെല്‍പ് ഡെസ്‌കും പ്രവര്‍ത്തിക്കും.
അന്നദാനം, വെടിവഴിപാട്, ക്ഷേത്ര ദര്‍ശനം, ആന എഴുന്നള്ളിപ്പ് എന്നിവിടങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കും. പാര്‍ക്കിങ്ങിനായി 30 ഗ്രൗണ്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ 2000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനാകും. പൊങ്കാല ദിവസം അന്നദാനം നടത്തുന്നവര്‍ക്ക് ഫുഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇതുവരെ 42 പേരാണ് സര്‍ട്ടിഫിക്കറ്റിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനവും സാമ്പിള്‍ പരിശോധനയും സജീവമാണ്.
പൊങ്കാലയ്ക്ക് ശേഷം കോര്‍പ്പറേഷന്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഈഞ്ചക്കല്‍, പാപ്പനംകോട്, ചെറുവക്കല്‍ എന്നിവിടങ്ങളിലാണ് നിക്ഷേപിക്കുന്നത്. മാലിന്യങ്ങളില്‍ തീപടര്‍ന്ന് അപകടം ഉണ്ടാകാതിരിക്കാന്‍ ഈഞ്ചക്കലും ചെറുവക്കലും ഫയര്‍ എഞ്ചിനുകള്‍ സജ്ജീകരിക്കും. പൊങ്കാലയ്ക്ക് ശേഷം നഗരം വൃത്തിയാക്കുന്നതിന് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 2000 തൊഴിലാളികളെയും 125 ഉദ്യോഗസ്ഥരെയും നിയോഗിക്കും. കുടിവെള്ളം വിതരണം ചെയ്യുന്നതിനും തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിച്ചു. കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ രണ്ട് ഏജന്‍സികളെ തെരുവ് വിളക്ക് അറ്റകുറ്റപ്പണികള്‍ക്കായി ഏല്‍പ്പിച്ചിട്ടുണ്ട്.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി അധിക സര്‍വ്വീസുകള്‍ നടത്തു0. 700 ബസ് സര്‍വ്വീസുകള്‍ പൊങ്കാലയ്ക്കായി സജ്ജമാക്കും. ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തര്‍ക്കായി ഏഴ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലാ ശുചിത്വ മിഷന്റെ ഹരിത പ്രോട്ടോക്കോള്‍ ക്യാമ്പയിന്റെ ഭാഗമായി കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള ഗ്രീന്‍ ആര്‍മി രൂപീകരിക്കുന്നുണ്ട്. മാത്രമല്ല, വിവിധ സ്ഥലങ്ങളില്‍ ബോധവത്ക്കരണ ക്ലാസ്സുകളും ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. ഫയര്‍ ആന്റ് റസ്‌ക്യൂ 112 ഉദ്യോഗസ്ഥരെ വിന്യസിക്കും. ഇതില്‍ 29 പേര്‍ വനിതകളാണ്.
പൊങ്കാലയിടുന്ന സ്ഥലങ്ങളില്‍ പ്രത്യേക പെട്രോളിങ്ങും കുടിവെള്ള വിതരണവും നടത്തും. കെ.എസ്.ഇ.ബി ഒന്‍പത് സെക്ഷനുകളിലെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 4 മുതല്‍ 14വരെ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ബീന പി. ആനന്ദ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
CONTENT HIGH LIGHTS; Attukal Pongala: 179 CCTV cameras, women help desk, 7 special trains; Mandatory food safety certificate for food donors; A staff review meeting was held