Ernakulam

ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് കബളിപ്പിച്ചു, പോപ്പുലര്‍ ഫിനാന്‍സിന് 17.79 ലക്ഷംരൂപ പിഴചുമത്തി ഉപഭോക്തൃ കമ്മീഷന്‍

ഉയര്‍ന്ന പലിശ വാഗ്ദാനം നല്‍കി ഉപഭോക്താവിനെ കബളിപ്പിച്ച പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് 17,79,000 ലക്ഷംരൂപ പിഴവിധിച്ച് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. തിരുവനന്തപുരം സ്വദേശി മേരി ജോര്‍ജ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. പ്രതിവര്‍ഷം 12 ശതമാനം പലിശ വാഗ്ദാനം നല്‍കിയാണ് എതിര്‍കക്ഷികള്‍ നിക്ഷേപം സ്വീകരിച്ചത്. ഇത് വിശ്വസിച്ച് 16,59,000/- രൂപ പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിച്ചു. ആദ്യ മാസങ്ങളില്‍ പരാതിക്കാരന്റെ അക്കൗണ്ടില്‍ പലിശ എത്തിയെങ്കിലും പിന്നീട് മുടങ്ങി.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്നും പരാതിക്കാരന്‍ പിന്നീട് മനസ്സിലാക്കി. തുടര്‍ന്ന് പോപ്പുലര്‍ ഫിനാന്‍സിന്റെ ഉടമകളെ പോലീസ് അറസ്റ്റ് ചെയ്യുകയും സ്ഥാപനം പൂട്ടി മുദ്ര വയ്ക്കുകയും ചെയ്തു. എതിര്‍കക്ഷികള്‍ വാഗ്ദാനം ചെയ്ത പോലെ നിക്ഷേപത്തുകയോ പലിശയോ പരാതിക്കാരന് നല്‍കിയതുമില്ല. എതിര്‍കക്ഷികളുടെ സേവനത്തില്‍ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയും മൂലം പരാതിക്കാരന് ധനനഷ്ടവും മനക്ലേശവും ഉണ്ടായി. അതിനു നഷ്ടപരിഹാരം നല്‍കാന്‍ പോപ്പുലര്‍ ഫിനാന്‍സിന് ബാധ്യതയുണ്ടെന്നും പരാതിയില്‍ ബോധിപ്പിച്ചു.

നിക്ഷേപ തട്ടിപ്പിലൂടെ ജനങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്ത് വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നവരെ നിയമത്തിന്റെ സര്‍വ്വശക്തിയും ഉപയോഗിച്ച് നേരിടുക തന്നെ വേണമെന്ന് ഡി.ബി.ബിനു അധ്യക്ഷനും, വി. രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് വ്യക്തമാക്കി. നിക്ഷേപതുകയായ 16,59,000/- രൂപ രൂപയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 20,000/- രൂപ ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവ് നല്‍കി. പരാതിക്കാരന് വേണ്ടി അഡ്വ. എം ജെ ജോണ്‍സന്‍ ഹാജരായി.

CONTENT HIGH LIGHTS; Consumer Commission slaps Rs 17.79 lakh fine on Popular Finance for accepting deposits by offering high interest rates