താമരശ്ശേരി: ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ വിദ്യാർഥികൾ കഴിഞ്ഞവർഷവും സംഘട്ടനത്തിൽ ഉൾപ്പെട്ടിരുന്നതായി വിവരം. അന്നത്തെ പത്താം ക്ലാസുകാരെയാണ് ഇവർ മർദിച്ചത്. സ്കൂളിനു സമീപത്തും വയലിമായാണു സംഘട്ടനമുണ്ടായത്. 2 കുട്ടികൾക്കു പരുക്കേറ്റു. മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മർദിച്ച വിദ്യാർഥികൾക്ക് പിന്തുണയുമായി രക്ഷിതാക്കൾ എത്തി. നിലവിലെ കേസിൽ പ്രതികളായ 3 കുട്ടികളുടെ രക്ഷിതാക്കൾ അന്നു പിന്തുണ നൽകിയിരുന്നെന്നാണു വിവരം.
നഞ്ചക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ ലഭിച്ചതു പുറത്തുനിന്നാണെന്ന് ഷഹബാസിന്റെ രക്ഷിതാക്കൾ ആരോപിക്കുന്നു. എന്നാൽ വിദ്യാർഥികൾ തന്നെയാണ് മർദനം ആസൂത്രണം ചെയ്തതും നടപ്പാക്കിയതെന്നുമാണ് പൊലീസ് നിലപാട്. ഇതുവരെ പരിശോധിച്ച സിസിടിവി ദൃശ്യങ്ങളിലെല്ലാം വിദ്യാർഥികൾ മാത്രമാണുള്ളത്. പതിനഞ്ചോളം പേർ മർദിച്ച സംഘത്തിലുണ്ടായിരുന്നെന്നാണ് വിവരം. 5 പേരെ മാത്രമേ പിടികൂടിയുള്ളൂ.