നാഗർകർണൂൽ (തെലങ്കാന): തുരങ്കനിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഉള്ളിലായ 8 തൊഴിലാളികളിൽ 4 പേർ കുടുങ്ങിക്കിടക്കുന്ന സ്ഥലം റഡാറിന്റെ സഹായത്തോടെ കണ്ടെത്താനായെന്ന് തെലങ്കാന മന്ത്രി ജെ. കൃഷ്ണറാവു അറിയിച്ചു. മറ്റ് 4 പേർ ടണൽ ബോറിങ് മെഷീനിന്റെ അടിയിലാണെന്നാണ് സൂചനയെന്നും മന്ത്രി പറഞ്ഞു. ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്നും മന്ത്രി പറഞ്ഞു. നാഷനൽ ജ്യോഗ്രഫിക് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് 4 പേർ കുടുങ്ങിയ സ്ഥലം കണ്ടെത്തിയത്.
ഇന്ന് ഇവരെ പുറത്തെത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. നാഗർകർണുലിൽ ശ്രീശൈലം ഇടതുകര കനാൽ പദ്ധതി (എസ്എൽബിസി) യുടെ തുരങ്കനിർമാണത്തിനിടെ മണ്ണിടിഞ്ഞ് തുരങ്കമുഖത്തുനിന്ന് ഏകദേശം 14 കിലോമീറ്റർ ഉള്ളിലാണ് തൊഴിലാളികൾ കുടുങ്ങിയത്.