Kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതി അഫാൻ രണ്ടുപേരെക്കൂടി കൊല്ലാൻ പദ്ധതിയിട്ടു; അനുജനെ കൊന്നതോടെ തളർന്നു’

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ രണ്ടുപേരെക്കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് വിവരം. തട്ടത്തുമലയിൽ താമസിക്കുന്ന ഉറ്റബന്ധുക്കളായ അമ്മയെയും മകളെയുമാണ് കൊല്ലാൻ പദ്ധതിയിട്ടതെന്നാണ് അഫാന്റെ മൊഴി. ആശുപത്രിയിൽ അഫാനെ സന്ദർശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബന്ധുക്കളോട് 5 ലക്ഷം രൂപ കടം ചോദിച്ചിരുന്നെന്നും ഇത് നൽകാത്തതിൽ അവരോട് പക തോന്നിയെന്നുമാണ് അഫാന്റെ മൊഴി.‌ മുത്തശ്ശി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ, പെൺസുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്സാൻ, മാതാവ് ഷെമീന എന്നിവരെ കൊലപ്പെടുത്തിയതിനുശേഷം തട്ടത്തുമലയിലെത്തി മറ്റു രണ്ടുപേരെക്കൂടി വകവരുത്താനായിരുന്നു അഫാന്റെ ഉദ്ദേശ്യം.

എന്നാൽ അഫ്സാനെ കൊലപ്പെടുത്തിയതോടെ മനോവീര്യം ചോർന്ന് തളർന്നുപോയെന്നും അതോടെ മറ്റു രണ്ടുപേരെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിച്ചെന്നും അഫാൻ വെളിപ്പെടുത്തി. അതേസമയം, അഫാനെ ഇന്ന് ആശുപത്രിയിൽനിന്ന് ജയിലിലേക്ക് മാറ്റും. ആരോഗ്യം മെച്ചമായതോടെ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് ജയിലിലേക്ക് മാറ്റുന്നത്. മുത്തശ്ശിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി അഫാനെ റിമാൻഡ് ചെയ്തിരുന്നു.